
സ്വന്തം ലേഖിക
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാല്‍ ചാലക്കുടിപ്പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തിച്ചേരുകയാണെന്നും അതിനാല്‍ പ്രദേശവാസികള്‍ ജാത്രതപാലിക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി.
അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിപ്പുഴയിലെ അതിശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്നും തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജനും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ചാലക്കുടിപ്പുഴയുടെ കരയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ഇപ്പോഴും ജലനിരപ്പ് ഉയരുകയാണ്. 2018, 2019 പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം.
ചാലക്കുടിയില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും വെള്ളം വന്‍തോതില്‍ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതിനൊപ്പം ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാദ്ധ്യതയുള്ളതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാദ്ധ്യതയുണ്ടെന്നും പുഴയുടെ സമീപപ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലും അതിശക്തമായ മഴയാണ്. ഇവിടത്തെ നദികളും തോടുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതും ലയങ്ങള്‍, പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍, ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളില്‍ ഉള്ളവര്‍ എന്നിവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളിലെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കും. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി.
ജനങ്ങള്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്കു മാറണം. റാന്നിയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയര്‍ന്നു, നാഥനടി, ചെറുമല ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സന്നിധാനത്ത് കടുത്ത നിയന്ത്രണം എര്‍പ്പെടുത്തി . ഭക്തരെ താഴേക്ക് ഇറക്കുകയാണ്. മൂന്നു മണിക്കു ശേഷം പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള യാത്ര തടയും. ആറു മണിക്കു മുൻപ് മുഴുവന്‍ ഭക്തരും മലയിറങ്ങണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളില്‍ അന്തരീക്ഷച്ചുഴിയും മദ്ധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. കാലവര്‍ഷക്കാറ്റും ശക്തപ്രാപിച്ചിട്ടുണ്ട്.







