video
play-sharp-fill

Saturday, May 17, 2025
HomeMainകരൾ വീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ്; ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം? അ‌റിയാം ഹെപ്പറ്റൈറ്റിസ്...

കരൾ വീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ്; ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം? അ‌റിയാം ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച്

Spread the love

 

ഡോ. സുഭാഷ് ആർ
കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്
എസ് യു ടി ഹോസ്പിറ്റൽ
​പട്ടം, തിരുവനന്തപുരം

നമ്മുടെ ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരൾ വീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis). മറ്റു പലകാരണങ്ങൾകൊണ്ടും കരൾവീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരൾവീക്കം വളരെയധികം പ്രാധാന്യമർഹിക്കുന്നു.

പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരൾ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരൾ വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ (Hepatitis A, B, C, D, E) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവയിൽ ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളിൽ കണ്ടുവരുന്നത്. ഈ രണ്ട് വൈറസുകൾ കാരണം മാത്രം പതിനൊന്നു ലക്ഷത്തിലധികം രോഗികൾ എല്ലാ വർഷവും മരണപ്പെടുകയും ഏകദേശം മുപ്പതു ലക്ഷത്തിലധികം ആളുകൾ പുതുതായി രോഗബാധിതർ ആവുകയും ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സമൂഹത്തിൽ ഇതേപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടന (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ – WHO) എല്ലാവർഷവും ജൂലൈ ഇരുപത്തെട്ടിന് (July 28th), ലോക കരൾ വീക്ക ദിനം അഥവാ World Hepatitis Day ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ – WHO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വൈറൽ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം ഓരോ മുപ്പതു സെക്കൻഡിലും ഒരാൾ വീതം മരിച്ചു വീഴുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നത്.

അതുകൊണ്ട് തന്നെ ഇത്തരം രോഗികളിൽ ‘ഇനിയും കാലതാമസം പാടില്ല’ എന്ന അർത്ഥത്തിൽ ‘I can’t wait’ എന്നതാണ് ഈ വർഷത്തെ World Hepatitis Day സന്ദേശമായി WHO നൽകിയിരിക്കുന്നത്.

·     ഹെപ്പറ്റൈറ്റിസ് രോഗബാധിതരായ എന്നാൽ തങ്ങൾക്ക് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തികൾ ഇനിയും ഹെപ്പറ്റൈറ്റിസ് കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് ചെയ്യാൻ കാലതാമസം വരുത്തരുത്.

·     ഹെപ്പറ്റൈറ്റിസ് രോഗികൾ ശരിയായ ചികിത്സയ്ക്കായി ഇനിയും കാലതാമസമുണ്ടാക്കരുത്.

·     നവജാത ശിശുക്കളിൽ ഹെപ്പറ്റൈറ്റിസ് വരാതിരിക്കാനുള്ള വാക്‌സിൻ നൽകുന്നതിൽ കാലതാമസമുണ്ടാകരുത്.

·     ഗർഭിണികൾ രോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനും കാലതാമസം ഉണ്ടാവരുത്.

അതായത് ഹെപ്പറ്റൈറ്റിസിന് എതിരെയുള്ള പ്രവർത്തനങ്ങളിൽ ഒന്നിനു പോലും ഇനിയും കാലതാമസമുണ്ടാക്കി രോഗം അതിതീവ്രമായ തലത്തിലേക്ക് എത്തുന്നത് തടയുക എന്നതാണ് ഈ പ്രവർത്തനങ്ങളിലൂടെ WHO ലക്ഷ്യം വയ്ക്കുന്നത്.

വിവിധതരം ഹെപ്പറ്റൈറ്റിസുകൾ (Hepatitis A, B, C, D, E)

ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) :-

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീർണ്ണതകൾ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരശ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവ ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് (Chronic Hepatitis) എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് (Cirrhosis), ലിവർ കാൻസർ (Liver cancer) തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കാൻ നിമിത്തമാവുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ഡി (Hepatitis D) :-

ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി (Hepatitis D) വൈറസ്. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി – ഡി (Hepatitis B – D) രോഗബാധ (Co-infection / Super infection) വളരെ തീവ്രതയുള്ളതും സങ്കീർണ്ണവുമാണ്.

ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ് (Hepatitis A, E virus) :-

വൈറസ് ബാധയാൽ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാർത്ഥങ്ങളിലൂടെയോ ആണ് ഈ രോഗങ്ങൾ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയിൽ ദീർഘകാല സങ്കീർണ്ണതകൾക്ക് ഈ രോഗങ്ങൾ കാരണമാകാറില്ല.

രോഗ ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ ടെസ്റ്റുകൾക്ക് വിധേയനാകേണ്ടതുമാണ്.

ചികിത്സാ മാർഗങ്ങൾ

ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങൾക്ക് പ്രത്യേക ആന്റിവൈറൽ (antiviral) മരുന്നുകൾ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്‌പ്പെടുത്താനാവും.

എങ്ങനെ പ്രതിരോധിക്കാം?

1.    ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാൻ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.

2.    ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം

·     രക്തവുമായി സമ്പർക്കത്തിൽ വരുന്ന ഉപകരണങ്ങൾ (സൂചികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ) ഒരിക്കൽ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

·     ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.

·     ടാറ്റു, അക്യുപങ്ക്ചർ (tattoo, acupuncture) തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രം സ്വീകരിക്കുക.

·     സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക.

·     രോഗസാദ്ധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവർ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിംഗ് ടെസ്റ്റുകൾക്ക് വിധേയരാവുക.

വാക്‌സിനുകൾ

ഹെപ്പറ്റൈറ്റിസ് എ (Hepatitis A), ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗങ്ങൾക്ക് ഫലപ്രദമായ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.

വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂർണ്ണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments