
സ്വന്തം ലേഖിക
കൊല്ലം: അച്ഛന്റെ മരണവിവരം മകനെ അറിയിക്കുകയോ മൃതശരീരം കാണിക്കുകയോ ചെയ്യാതെ സംസ്കാരം നടത്തിയെന്ന് പരാതി.
സംസ്‌കാരം തടയാന്‍ ശ്രമിച്ച പൊതുപ്രവര്‍ത്തകര്‍ക്ക് നേരേ കൈയറ്റ ശ്രമവും അസഭ്യ വര്‍ഷവും ഉണ്ടായി. കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി കാവിന്റെ വടക്കതില്‍ വീട്ടില്‍ ഭാസ്‌കരപിള്ളയുടെ ശവസംസ്‌കാര ചടങ്ങുകളിലാണ് കേട്ട് കേള്‍വി പോലുമില്ലാത്ത ഈ സംഭവങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തഴവ കുതിരപ്പന്തി ചന്തയില്‍ വ്യാപാരിയായിരുന്ന ഭാസ്‌കരപിള്ളയുടെ വീട്ടിലേക്ക് ശവസംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്യുന്ന സാധനങ്ങളുമായി ഒരു മിനിലോറി കയറി ചെല്ലുമ്പോഴാണ് നാട്ടുകാര്‍ അമ്പരന്നത്. ഇതോടെ വീടിന്റെ മുന്നില്‍ പരിസരവാസികൾ കൂടാന്‍ തുടങ്ങി. ചിലര്‍ അകത്ത് കയറി വിവരം തിരക്കിയപ്പോഴാണ് രാവിലെ 5 മണിക്ക് ഭാസ്‌കരപിള്ള മരിച്ചു എന്ന വിവരം അറിയുന്നത്. അടക്കം ഉച്ചയ്ക്ക 12 മണിക്ക് ആണത്രെ. അപ്പോള്‍ സമയം 10 മണി കഴിഞ്ഞിരുന്നു.
ഭാസ്‌കരപിള്ളയുടെ മകന്‍ ഗോപാലപിള്ളയുടെ ഭാര്യ കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വനിതാ കണ്ടക്ടറായ പ്രിയയും രണ്ട് പെണ്‍മക്കളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഗോപാലകൃഷ്ണപിള്ള ഭാര്യ പ്രിയയുമായി ദാമ്പത്യപ്രശ്നത്തെ തുടര്‍ന്ന് മാറി താമസിക്കുകയാണ്. നാട്ടുകാരില്‍ ചിലര്‍ ഫോണ്‍ ചെയ്തതിനേ തുടര്‍ന്ന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന കുറേ ആളുകള്‍ കൂടി സംഭവസ്ഥലത്തേക്ക് എത്തി.
സാധാരണയായി ഈ പ്രദേശത്ത് മരണാന്തരകര്‍മ്മങ്ങള്‍ നടത്തുന്നത് സാമൂദായിക സംഘടനകളുടെ നേതൃത്വത്തിലാണ്. ഇവിടെ മരിച്ച ഭാസ്‌കരപിള്ള അംഗമായിരിക്കുന്ന എന്‍.എസ്.എസ് കരയോഗത്തിന്റെ ഭാരവാഹികളേയോ അംഗങ്ങളെയോ പരിസരവാസികളേയോ കാണാനില്ല. ഏകമകനായ ഗോപാലകൃഷ്ണപിള്ളയേയും സംഭവസ്ഥലത്തത്ത് കാണുന്നില്ല. നാട്ടുകാര്‍ക്ക് സംശയം തോന്നി ആരോ ഗോപാലപിള്ളയെ ഫോണില്‍ വിളിച്ചു.
ഇത് ഒന്നുമറിയാതെ ഗോപാലകൃഷ്ണപിള്ള കൊല്ലത്ത് നിന്നും തന്റെ താമസസ്ഥലമായ ചവറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഫോണ്‍ വന്നപ്പോഴാണ് ഗോപാലകൃഷ്ണപിള്ള അച്ഛന്റെ മരണവിവരം അറിയുന്നത്. താന്‍ വരികയാണ് എന്ന് ഗോപാലകൃഷ്ണപിള്ള ഫോണ്‍ വിളിച്ച ആളിനോട് പറഞ്ഞു. ഗോപാലകൃഷ്ണപിള്ള എത്തുന്നു എന്നറിഞ്ഞ നാട്ടുകാര്‍ പ്രിയയോട് ഗോപാലകൃഷ്ണപിള്ള വന്നിട്ടെ മൃതദേഹം ചിതയില്‍ വെക്കാവു എന്ന് പറയുകയും അവര്‍ അത് വകവെയ്ക്കാതെ മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ ബഹളം വെച്ചു.
തുടര്‍ന്ന് പ്രിയ ആ വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗം വത്സലയെ ഫോണില്‍ വിളിച്ച് അങ്ങോട്ട് വരുവാന്‍ ആവശ്യപ്പെട്ടു. സമയം 11.45 മണിയോടു കൂടിയാണ് ഗ്രാമപഞ്ചായത്ത് അംഗം വത്സല കാവിന്റെ വടക്കതില്‍ വീട്ടില്‍ എത്തിയത്. വത്സലയെ കണ്ടതോടെ പ്രിയ അവരെ വിളിച്ച് കൊണ്ട് ചെന്ന് മൃതദേഹം കാണിച്ചു. അതിന് ശേഷം ചിതയിലേക്ക് ബോഡി എടുക്കുവാന്‍ അവിടെ നിന്ന തന്റെ സഹോദരനോടും മറ്റുമായി പറഞ്ഞു. ഭാസ്‌കരപിള്ളയുടെ മകന്‍ വന്നോ അയാള്‍ വന്നിട്ടേ മൃതദേഹം സംസ്‌കരിക്കാവു എന്ന് താന്‍ പ്രിയയോട് പറഞ്ഞതായി വത്സല പറഞ്ഞു.
തന്റെ ഭര്‍ത്താവായ ഗോപാലകൃഷ്ണപിള്ള മരിച്ച ഭാസ്‌കരപിള്ളയുടെ മകന്‍ അല്ല എന്നും അതിനാല്‍ അയാളെ മൃതദേഹം കാണിക്കേണ്ട കാര്യമില്ലെന്നും പ്രിയ പഞ്ചായത്ത് മെമ്പറോടു പറഞ്ഞു. ഇത് പറയുന്നതിനിടയില്‍ മൃതദേഹം പ്രിയയുടെ സഹോദരനും മക്കളും ചേര്‍ന്ന് ചിതയിലേക്ക് എടുത്തു. എന്നാല്‍ ഇത് കണ്ട് തഴവ ഗ്രാപഞ്ചായത്തിലെ മുന്‍ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം അമ്പീത്തറ, രവി എന്നിവര്‍ ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നത് തടയാന്‍ ശ്രമിച്ചു.
ഇതോടെ പ്രിയ അസഭ്യം പറഞ്ഞ് കൊണ്ട് കയ്യിലുണ്ടായിരുന്ന മണ്‍വെട്ടി ഇവര്‍ക്ക് നേരേ വീശി. മാന്യമായി പെരുമാറണം എന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടെങ്കിലും പ്രിയ അസഭ്യം പറയുന്നത് തുടരുകയായിരുന്നു. തര്‍ക്കം നടക്കുന്നതിനിടയില്‍ പ്രിയയുടെ മക്കള്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. ശവസംസ്‌കാര ചടങ്ങുകള്‍ ചെയ്യുവാനായി എത്തിയ കുടജാദ്രീ ഗ്യാസ് ഫര്‍ണസ് ദഹനചൂള എന്ന കമ്പനി തൊഴിലാളികളോട് ചിതയ്ക്ക് തീ കൊളുത്തരുത് എന്ന് നാട്ടുകാര്‍ പറഞ്ഞിട്ടും അവര്‍ അത് ചെയ്തത് കൂടുതല്‍ കാശ് വാങ്ങിയിട്ടാണ് എന്നും കുടജാദ്രീ ഉടമയും തൊഴിലാളികളും ഈ കുറ്റത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു അതിനാല്‍ അവരേയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെടുന്നു.
മുന്നില്‍ തടഞ്ഞ് നില്‍ക്കുന്നത് ഒരു സ്ത്രീ ആയതിനാലും കത്തിച്ച ചിത അണയ്ക്കുന്നത് മൃതദേഹത്തെ അപമാനിക്കുന്നതിന് തുല്യമായതിനാലും നാട്ടുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ചിത കത്തുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. വിവരം അറിയിച്ച് ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്കും മണപ്പള്ളി പൊലീസ് എയിഡ് പോസ്റ്റിലേക്കും നാട്ടുകാര്‍ ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ അവര്‍ വേണ്ട രീതിയില്‍ ഇതിനോട് പ്രതികരിച്ചില്ല എന്ന് നാട്ടുകാര്‍ പറയുന്നു. പത്ത് മിനിറ്റ് മാത്രം മതി മണപ്പള്ളി പൊലീസ് എയിഡ് പോസ്റ്റില്‍ നിന്നും കുതിരപ്പന്തി കാവിന്റെ വടക്കതില്‍ വീട്ടിലേക്ക് എത്താന്‍ എന്നാല്‍ പൊലീസ് ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല.
മൂന്ന് ജീപ്പടക്കമുള്ള വാഹനങ്ങള്‍ ഉണ്ടായിരിന്നിട്ടും ഓച്ചിറ പൊലീസും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ചിത കത്തി തീരാറായപ്പോഴാണ് രണ്ട് പൊലീസുകാര്‍ ബൈക്കില്‍ ഇവിടെക്ക് എത്തിയത്. വന്ന പൊലീസുകാര്‍ ആകട്ടെ പ്രിയക്ക് അനുകൂലമായിട്ടാണ് നിലപാട് എടുത്തത് എന്നും, പൊലീസിനെ പോലും നിയന്ത്രിക്കാന്‍ കഴിയുന്ന ഏതോ ഒരാള്‍ പ്രിയയുടെ കൂടെ ഉണ്ട് എന്നും, അവര്‍ നേരത്തെ തന്നെ പൊലീസിനെ കയ്യിലെടുത്തു എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ചിത കത്തി തീര്‍ന്നതിന് ശേഷമാണ് ഭാസ്‌കരപിള്ളയുടെ മകന്‍ ഗോപാലകൃഷ്ണപിള്ളക്ക് എത്തി ചേരാന്‍ സാധിച്ചത്.







