സ്വന്തം ലേഖിക
തിരുവനന്തപുരം : കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്‍ ഉൾപ്പെടെ 33 തടവുകാരുടെ മോചനത്തിനുള്ള ഉത്തരവിറങ്ങി. മണിച്ചന്‍ 30 ലക്ഷത്തോളം രൂപ പിഴയടച്ചാലേ ജയില്‍ മോചിതനാവൂ. പിഴയില്ലാത്തവർക്ക് ബുധനാഴ്ച തന്നെ പുറത്തിറങ്ങാനാകും. ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചൻ 22 വർഷം ശിക്ഷ പൂർത്തിയാക്കിയ ശേഷമാണ് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. നല്ല നടപ്പ് പരിഗണിച്ച് മണിച്ചനെ സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കു മാറ്റിയിരുന്നു. അവിടെ കൃഷിപ്പണികൾക്കു നേതൃത്വം നൽകുന്നത് മണിച്ചനാണ്. ജയിലിൽ സ്ഥാപിച്ചിട്ടുള്ള ടിവിയില്‍ നിന്നാണ് മോചന വാർത്ത മണിച്ചൻ അറിഞ്ഞത്. മോചന വാർത്തയോട് മണിച്ചൻ നിസ്സംഗമായാണ് പ്രതികരിച്ചതെന്നു ജയിൽ അധികൃതർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് അർഹതയുള്ള മുഴുവൻ തടവുകാർക്കും ഇളവുകൾ നൽകാൻ ഒക്ടോബറിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് 184 ജീവപര്യന്തക്കാരുടെ പഴയ പട്ടിക സർക്കാർ പൊടിതട്ടിയെടുത്തത്. ജയിൽ ഉപദേശക സമിതികൾ പല ഘട്ടത്തിൽ അപേക്ഷ തള്ളിയവരുടെ പട്ടികയായിരുന്നു ഇത്. ആഭ്യന്തര, നിയമ സെക്രട്ടറിമാരും ജയിൽ ഡിജിപിയും ഉൾപ്പെടുന്ന സമിതിക്കു കീഴിലെ ഉപസമിതി 67 പേരുടെ പട്ടിക മാർച്ചിൽ തയാറാക്കി. ഇതിൽ മണിച്ചനും പ്രവീൺ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ഷാജിയും ഉൾപ്പെട്ടിരുന്നു. ഇതാണ് പിന്നീട് 33 പേരായി ചുരുക്കിയത്