സ്വന്തം ലേഖിക
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇ ഡിക്ക് മുന്നിൽ ഹാജരായതിനെത്തുടർന്ന് ഡൽഹിയിൽ വൻ പ്രതിഷേധം. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തി. എന്നാൽ ഡൽഹി പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എ ഐ സി സി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്ര സേനയെ വിന്യസിച്ചു. കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കളാണ് ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ ഗാന്ധി എത്ര സമയം ഇ ഡി ഓഫീസിൽ തുടരുന്നോ അത്ര സമയം പ്രവർത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധ റാലിയുമായി മുന്നോട്ട് തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.ഇതിൻറെ മുന്നൊരുക്കമായി എഐസിസി ഓഫീസ് പരിസരത്ത് ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.