Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോതമംഗലം: കുട്ടംപുഴയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന് വലിച്ചെറിഞ്ഞു. പിണവൂർകുടി ഗിരി വർഗ ഊരിലെ പരേതനായ പാമ്പാട്ടിയുടെ മകൻ സന്തോഷ് പാമ്പാട്ടി (പി. സന്തോഷ്-45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പണികഴിഞ്ഞ് വീടിനു സമീപത്തെ തോട്ടിൽ സന്തോഷ് കുളിക്കാൻ വന്നപ്പോഴാണ് ആന ആക്രമിച്ചത്. പിണവൂർകുടി ഗിരിവർഗ ഊരിലേക്ക് പ്രവേശിക്കുന്ന പുതിയപാലത്തിനു സമീപത്തെ പഴയ നടപ്പാലത്തിന് ഏകദേശം 100 മീറ്റർ മാറി തോട്ടിലെ കുളിക്കടവിലാണ് മൃതദേഹം കിടന്നത്.

ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് രാത്രി അടുത്തുള്ള സഹോദരന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് കുളിക്കാൻ പോയത്. തോട്ടിൽ മൃതദേഹം കിടന്ന ഭാഗം ആനകൾ പതിവായി സഞ്ചരിക്കുന്ന ആനച്ചാലാണ്. കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകൾ സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നതായി ആദിവാസികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ അഞ്ചരയോടെ ടാപ്പിങ്ങിനു പോയ പ്രദേശവാസികളാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാനശല്യത്തിന് പരിഹാരവും മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പ്രദേശവാസികൾ മൃതദേഹം എടുക്കാൻ സമ്മതിക്കാതെ മണിക്കൂറുകളോളം പ്രതിഷേധിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായെത്തിയത്. സ്ഥലത്തെത്തിയ ഡീൻ കുര്യാക്കോസ് എംപി.യും ആന്റണി ജോൺ എംഎ‍ൽഎ.യും ഡി.എഫ്.ഒ. രാജു കെ. ഫ്രാൻസിസും മന്ത്രി എ.കെ. ശശീന്ദ്രനുമായി ഫോണിൽ സംസാരിച്ച് ഇതു സംബന്ധിച്ച് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സമീപത്തെ പുരയിടത്തിലൂടെ നടന്നുവരുമ്പോൾ ആന തുമ്പിക്കൈക്ക് അടിച്ചുവീഴ്‌ത്തി വലിച്ചു കൊണ്ടുപോയി തോടിന്റെ ഭാഗത്തേക്ക് വലിച്ചെറിഞ്ഞതായാണ് നിഗമനം. സന്തോഷിന്റെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കപ്പും സോപ്പും അവിടെ കിടപ്പുണ്ടായിരുന്നു. സമീപത്ത് ആനയുടെ കാൽപ്പാടും പിണ്ടവും കണ്ടെത്തി.

സന്തോഷിന്റെ അമ്മ നാരായണിയും മകൻ സന്ദീപും സന്തോഷിന്റെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.