
സ്വന്തം ലേഖിക
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍.
മുഖ്യമന്ത്രിയെ ഇന്ന് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നായിരുന്നും ബിഷപ്പ് പറഞ്ഞു.
കണ്ണൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്ത് നിന്നുകൊണ്ട് വളര്‍ന്നുവന്ന ജ്വലിക്കുന്ന നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതേതരത്വത്തിന്റെ കാവല്‍ക്കാരായ പാരമ്പര്യമാണ് കോഴിക്കോട് രൂപതക്കുള്ളതെന്ന് മുഖ്യമന്ത്രിയും പ്രകീര്‍ത്തിച്ചു. വിദ്യാഭ്യാസ രംഗത്തെ വികസനമാണ് കോഴിക്കോട് രൂപത മലബാറിന് നല്‍കിയ വലിയ സംഭാവന. വിലമതിക്കാനാവാത്ത പങ്കാണ് രൂപതയുടേത്. മനുഷ്യരോടുള്ള കരുതല്‍ ഏറെ വേണ്ട കാലമാണിത്. സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അവസാനം വരുത്താനുള്ള നടപടികളിലാണ്. വന്യജീവി ആക്രമണങ്ങള്‍ ഇല്ലാതാക്കാനും പരിസ്ഥിതി ലോല വിഷയത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികളും കര്‍ഷകരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രൂപതയുടെ ഭാഗമായ കര്‍ഷകര്‍ക്കും മറ്റും ഏറെ സഹായകമായ പരിപാടികള്‍ നടപ്പാക്കി നവ കേരള സൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പിണറായി വ്യക്തമാക്കി. സാമൂഹ്യ നീതിക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇതിനായി ശ്രമിക്കുന്നു. സഭക്കും സര്‍ക്കാരിനും നിരവധി മേഖലകളില്‍ സഹകരിക്കാനാവും. ക്ഷേമ പദ്ധതികളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും കൈ കോര്‍ക്കാം. നാട്ടില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കണം.
നാട്ടില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരെ ജാഗ്രത പാലിക്കണം. മതേതരത്ത്വത്തിന്റെ കാവല്‍ക്കാരായ പാരമ്പര്യമാണ് കോഴിക്കോട് രൂപതക്ക്. മത നിരപേക്ഷതയില്‍ ഊന്നിയ ആ പ്രവര്‍ത്തന ശൈലി ശതാബ്ദി വര്‍ഷത്തിലും തുടരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണത്തില്‍ ഇരിക്കുന്നവരും ഭരണത്തില്‍ വരാന്‍ ഇരിക്കുന്നവരും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വനാതിര്‍ത്തി വിധിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ ആധിയിലാണ്. പരിസ്ഥിതിക്കൊപ്പം കര്‍ഷകരേയും സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആലഞ്ചേരി പറഞ്ഞു.







