പീഡന പരാതി: പി.കെ ശശി എം.എൽ.എയെ ആറു മാസത്തേയ്ക്ക് സിപിഎം സസ്‌പെന്റ് ചെയ്തു; ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ; ഉണ്ടായത് മോശം പെരുമാറ്റം മാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർട്ടി അംഗമായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കുറ്റക്കാരനാണെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയ പി.കെ ശശി എം.എൽഎയെ ആറു മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു. പാർട്ടി അന്വേഷണ കമ്മിഷണൻ അംഗങ്ങളായ മന്ത്രി എ.കെ ബാലനും, പി.കെ ശ്രീമതി എം.പിയും നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. സിപിഎമ്മിലെ ഏറ്റവും തീവ്രത കുറഞ്ഞ അച്ചടക്ക നടപടികളിൽ ഒന്നാണ് സസ്‌പെൻഷൻ. ഈ സാഹചര്യത്തിൽ പരാതിക്കാരിയ്ക്ക് നീതി ലഭിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇതിനിടെ എംഎൽഎ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചത് മാത്രമേയുള്ളെന്നും പാർട്ടി അന്വേഷണ കമ്മീഷൻ. അതിനെതിരെ നടപടിയെടുക്കാമെന്ന് പാർട്ടി കമ്മീഷൻ ശുപാർശ ചെയ്തു. യുവതിയുമായി ശശി നടത്തിയ ഫോൺ സംഭാഷണം മുഖ്യ തെളിവായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനിൽ തർക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമർശം റിപ്പോർട്ടിലില്ല. വാദപ്രതിവാദങ്ങൾക്കു ശേഷം ഏകകണ്ഠമായാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.
ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നൽകിയ പരാതിയിൽ പാർട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നൽകിയ വിശദീരണം ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. വിശദീകരണം പരിശോധിച്ചശേഷം നടപടി സ്വീകരിക്കും.പാർട്ടി അന്വേഷണ കമ്മിഷൻ തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ പരാതി പൊലീസിനു കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാർട്ടി പീഡനം കണ്ടെത്തിയ സാഹചര്യത്തിൽ ഇത് ക്രമിനൽ കുറ്റമാണ്. ഇതിനു പാർട്ടി തലത്തിലുള്ള അച്ചടക്ക നടപടി മതിയാവില്ലെന്നാണ് ആരോപണം ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group