Spread the love

സ്വന്തം ലേഖകൻ
കൊച്ചി: നടനും നിർമ്മാതാവുമായ ദുല്‍ഖര്‍ സൽമാന്റെ നിര്‍മ്മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനെ വിലക്കി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിക്ക് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ വിലക്ക്.

video
play-sharp-fill

വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതാണ് ഫിയോകിനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്.

ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിയോകിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലയെയും പ്രത്യേകിച്ച്‌ കേരളത്തിലെ തിയേറ്റര്‍ വ്യവസായത്തെയും ഒരു പരിധിവരെ കൈപിടിച്ച്‌ ഉയര്‍ത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ന്റെ വരവായിരുന്നു.

മാസങ്ങളോളം അടച്ചിടേണ്ടി വന്ന തിയേറ്ററുകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ വരവ്. ചിത്രം പ്രേക്ഷകരെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററിലേക്ക് തിരികെയെത്തിച്ചു. ചിത്രം റിലീസായി അഞ്ച് ദിവസം കൊണ്ടുതന്നെ 50 കോടി രൂപ കളക്ഷന്‍ നേടാന്‍ കുറുപ്പിന് കഴിഞ്ഞിരുന്നു. ജിസിസിയില്‍ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷന്‍ നേടുവാന്‍ സാധിച്ചിരുന്നു.

എന്നാല്‍ സല്യൂട്ട് ഓടിടിക്ക് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ ദുല്‍ഖര്‍ സിനിമകള്‍ക്ക് ഒന്നാകെ വിലക്ക് ഏര്‍പ്പെടുത്തുന്ന കടുത്ത തീരുമാനത്തിലേക്കാണ് ഫിയോക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ദുല്‍ഖര്‍ ആരാധകരെ അടക്കം കടുത്ത നിരാശയിലാഴ്‌ത്തുന്ന തീരുമാനമാണ് ഫിയോക് കൈക്കൊണ്ടിരിക്കുന്നത്.

ബോബി സഞ്ജയ് എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. ദുല്‍ഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.