സ്വന്തം ലേഖിക
ദില്ലി: യുക്രൈനിൽ ഓപ്പറേഷൻ ഗംഗ തുടരുന്നു. മൂന്ന് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 710 ഇന്ത്യക്കാർ തിരികെ എത്തി. റഷ്യൻ അതിർത്തി തുറന്ന് സംഘർഷ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ നടപടി വേണമെന്ന് മലയാളി വിദ്യാർത്ഥികൾ പറഞ്ഞു . ദുരിതപർവത്തിൽ നിന്ന് സ്വന്തം മണ്ണിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. കാൽനടയായി ഭാരവും ചുമന്ന് അതിര്‍ത്തി താണ്ടിയാണ് ഈ വിദ്യാർത്ഥികളിൽ പലരും നാട്ടിലേക്ക് വിമാനം പിടിച്ചത്.
പുലർച്ചയോടെ ദില്ലിയിൽ എത്തിയ ആദ്യ വിമാനത്തിലെ വിദ്യാർത്ഥികളെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നേരിട്ടെത്തി സ്വീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രാധാന്യമെന്ന് മന്ത്രി പ്രതികരിച്ചു. സംഘർഷമേഖലകളിലുള്ളവരെ വേഗം നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് തിരികെ എത്തിയവർ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദില്ലിയിൽ എത്തിയ മലയാളികൾക്ക് കേരള ഹൌസിലാണ് മറ്റ് സൌകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരികെ എത്തുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അതേസമയം ബുക്കാറസ്റ്റിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങൾ കൂടി ഇന്ന് ദില്ലിയിൽ നിന്ന് തിരിച്ചിട്ടുണ്ട്.