ഇരുമുടിയുമായെത്തിയ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു; നിലയ്ക്കലിൽ സംഘർഷാവസ്ഥ: സുരേന്ദ്രൻ കരുതൽ തടങ്കലിൽ
സ്വന്തം ലേഖകൻ
നിലയ്ക്കൽ: ശബരിമലയിലേയ്ക്ക് പോകാൻ ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അറസ്റ്റിൽ. നിലയ്ക്കലിൽ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് ആറരയോടെയാണ് സുരേന്ദ്രനും അഞ്ചംഗ സംഘവും നിലയ്ക്കലിൽ എത്തിയത്. പൊലീസ് പരിശോധനയ്ക്ക് ശേഷം സുരേന്ദ്രനോട് കടന്ന് പോകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പൊലീസും സുരേന്ദ്രനും തമ്മിൽ നിലയ്ക്കലിൽ വാക്ക് തർക്കമുണ്ടായി. ഒടുവിൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ശബരിമല ദർശനത്തിന് എത്തിയ ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ഹർത്താലും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സുരേന്ദ്രൻ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സന്നിധാനത്ത് എത്തിയത്.