ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു, വലിച്ചുപുറത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചു; ഡ്രൈവര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം;  രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു, വലിച്ചുപുറത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചു; ഡ്രൈവര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് അത്ഭുതകരമായി

സ്വന്തം ലേഖിക

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോഡ്രൈവര്‍.

മൂന്നാര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാര്‍ വാലിയില്‍ താമസക്കാരനുമായ ആന്റണി റിച്ചാര്‍ഡ് (29) ആണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി ഒമ്പതിന് കുറ്റിയാര്‍ വാലി റൂട്ടില്‍ വേല്‍മുടി ബംഗ്ലാവിനു സമീപമായിരുന്നു ആക്രമണം. ഓട്ടോയില്‍ തനിച്ച്‌ വീട്ടിലേക്കു പോകുകയായിരുന്നു.

പാതയോരത്ത് മറഞ്ഞുനിന്ന ഒറ്റയാന്‍ റിച്ചാര്‍ഡിന്റെ മുന്നില്‍ പോയ ജീപ്പിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ വേഗം കൂട്ടിയതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ പിന്നില്‍ വന്ന ഓട്ടോ തകര്‍ക്കുകയായിരുന്നു.

ആനയുടെ കണ്ണില്‍പെടാതെ റിച്ചാര്‍ഡ് ഓട്ടോയില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈ നെഞ്ചില്‍ ചുറ്റിവലിച്ച്‌ വെളിയിലേക്ക് ഇട്ടു. തേയിലച്ചെടികളുടെ ചുവട്ടിലേക്കാണ് റിച്ചാര്‍ഡ് വീണത്.

പെട്ടെന്നു തന്നെ ചെടികളുടെ ഇടയിലേക്ക് നൂഴ്ന്നു നീങ്ങിയതിനാല്‍ ആനയുടെ കണ്ണില്‍പെട്ടില്ല. വീഴ്ചയില്‍ നടുവിനും വലതുകാലിനും ഗുരുതര പരുക്കേറ്റിരുന്നു.

പിന്നിലെ വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ ഈ ആക്രമണം കണ്ട് വാഹനങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഒരു മണിക്കൂറിനു ശേഷം ഇവര്‍ സംഘടിച്ച്‌ എത്തിയാണ് തേയിലച്ചെടികള്‍ക്കിടയില്‍ റിച്ചാര്‍ഡിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്.