രോഗം എത്ര ഗുരുതരമാണെങ്കിലും ചികിത്സ ഞങ്ങൾക്ക് തോന്നുമ്പോൾ: ഗുരുതര രോഗം ബാധിച്ചെത്തിയാലും സ്‌കാനിംഗിന് സമയം ഒരു മാസം കഴിഞ്ഞ്: സ്വകാര്യ ലാബുകളെ സഹായിക്കാൻ മെഡിക്കൽ കോളേജ് അധികൃതരുടെ തട്ടിപ്പ്

രോഗം എത്ര ഗുരുതരമാണെങ്കിലും ചികിത്സ ഞങ്ങൾക്ക് തോന്നുമ്പോൾ: ഗുരുതര രോഗം ബാധിച്ചെത്തിയാലും സ്‌കാനിംഗിന് സമയം ഒരു മാസം കഴിഞ്ഞ്: സ്വകാര്യ ലാബുകളെ സഹായിക്കാൻ മെഡിക്കൽ കോളേജ് അധികൃതരുടെ തട്ടിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌കനാനിംഗ് വിഭാഗവും പുറത്തെ സ്വകാര്യ ലാബുകളും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തമാക്കി സ്‌കാനിംഗ് വിഭാഗത്തിലെ തട്ടിപ്പ്. ഗുരുതര രോഗം ബാധിച്ചെത്തിയ രോഗികൾക്ക് പോലും സ്‌കാനിംഗിന് സമയം അനുവദിക്കുന്നത് ഒരു മാസത്തിനു ശേഷം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചക്കെട്ട രോഗിയ്ക്കാണ് ആശുപത്രി അധികൃതരുടെ ക്രൂരത നേരിടേണ്ടി വന്നത്. ഡോക്ടർമാർ സ്‌കാനിംഗിനായി എഴുതി നൽകിയിട്ടു പോലും സ്‌കാനിംഗ് നടത്താൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരവധി രോഗികളാണ് ഇപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്.
ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിൽ സ്‌കാനിംഗിനും എക്‌സ്‌റേ പരിശോധനയ്ക്കുമായി പ്രത്യേകം വിഭാഗങ്ങളുണ്ട്. സി.ടി സ്‌കാനിംഗ് അടക്കമുള്ളവ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കുകയും ചെയ്യും. ആശുപത്രി വികസന സമിതിയാണ് ഇവിടെ നിരക്ക് നിശ്ചയിക്കുന്നത്. പുറത്തെ സ്വകാര്യ ലാബുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. സ്വകാര്യ ലാബുകൾ ആറായിരം രൂപ വരെ ഈടാക്കുന്ന പരിശോധനകൾക്കു രണ്ടായിരം രൂപ വരെ മാത്രമാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളും ഇവിടെ ചികിത്സ തേടി എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന രോഗികളോടാണ് അധികൃതരുടെ ക്രൂരത.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ ന്യൂമോണിയ അടക്കമുള്ള രോഗങ്ങൾ ബാധിച്ച് ചികിത്സ തേടിയ യുവതിയ്ക്ക് റേഡിയോളജി വിഭാഗം സ്‌കാനിംഗിനായി സമയം അനുവദിച്ചത് ഒരു മാസത്തിനു ശേഷമാണ്. നവംബർ മൂന്നിനു സ്‌കാനിംഗ് നടത്താൻ ഡോക്ടർ എഴുതി നൽകിയപ്പോൾ, ആശുപത്രിയിലെ റേഡിയോളജി വിഭാഗം അധികൃതർ സമയം നൽകിയത് ഡിസംബർ എട്ടിന്..! സ്‌കാനിംഗും പരിശോധനയും പൂർത്തിയാക്കിയ ചികിത്സ നിശ്ചയിക്കാൻ ഡോക്ടർ കാത്തിരുന്നപ്പോഴാണ് ഇത്തരത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായിരിക്കുന്നത്. ഗുരുതരമായ രോഗം ബാധിച്ച രോഗികളോടു പോലും ഇതേ രീതിയിലാണ് ആശുപത്രി അധികൃതർ ഇടപെടുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
സ്‌കാനിംഗിനു ഒരു മാസത്തോളം സമയം അനുവദിച്ചിരിക്കുന്നതിനാൽ ഇവർ വീണ്ടും ഡോക്ടറെ സമീപിച്ചു. തുടർന്ന് ഡോക്ടർ സ്വകാര്യ ലാബിലേയ്ക്ക് പരിശോധനയ്ക്കായി എഴുതി നൽകുകയായിരുന്നു. രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുമ്പോൾ, ലാബിലെ ജീവനക്കാർക്കും ആശുപത്രിയിലെ ജീവനക്കാർക്കും, ഡോക്ടർമാർക്കും സ്വകാര്യ ലാബുകളുടെ കമ്മിഷൻ കൃത്യമായി ലഭിക്കും. ഇതിനു വേണ്ടിയാണ് കൃത്രിമ തിരക്കുണ്ടാക്കി രോഗികളെ പുറത്തെ സ്വകാര്യ ലാബുകളിലേയ്ക്ക് അയക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.