സ്വന്തം ലേഖകൻ
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ ഉൽസവത്തിന്റെ രൂപരേഖ തയ്യാറാക്കി ഗ്രാമസമൂഹം ജില്ലാ ഭരണകൂടത്തിന് കൈമാറി. രൂപരേഖയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്‌ത് തീരുമാനമെടുക്കും. ഇത്തവണ രഥോൽസവം നടത്തണമെന്നും ദേവരഥ പ്രദക്ഷിണത്തിന് അനുമതി നൽകണമെന്നുമാണ് കൽപ്പാത്തി ഗ്രാമജന സമൂഹത്തിന്റെയും, ക്ഷേത്രം ഭാരവാഹികളുടെയും ആവശ്യം.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഉൽസവ നടത്തിപ്പിന് നടപടി സ്വീകരിക്കാൻ മന്ത്രി കെ രാധാകൃഷ്‌ണൻ മലബാർ ദേവസ്വം കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. രഥോൽസവ നടത്തിപ്പ് സംബന്ധിച്ച തീരുമാനം ഇനിയും വൈകരുതെന്നും, അത് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനെ സാരമായി ബാധിക്കുമെന്നും ഗ്രാമക്കാർ വ്യക്‌തമാക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രഥോൽസവ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ്. ഉൽസവം നടത്തിപ്പിന് മുന്നോടിയായി കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും ശരിയാക്കും. മഴ ഇല്ലെങ്കിൽ പൂർണമായി ടാറിങ് നടത്തുകയോ, മഴ ആണെങ്കിൽ പൈപ്പ് ഇടുന്നതിനായി പൊളിച്ച ഭാഗങ്ങളിൽ ടാറിങ് നടത്തുകയോ ചെയ്യാനാണ് തീരുമാനം.