play-sharp-fill
ശബരിമല സ്ത്രീ പ്രവേശനം: തുടർ സമരങ്ങൾക്ക് കളമൊരുങ്ങുന്നു; സമരം ശക്തമാക്കാൻ ഹിന്ദു സംഘടനായോഗത്തിൽ തീരുമാനം

ശബരിമല സ്ത്രീ പ്രവേശനം: തുടർ സമരങ്ങൾക്ക് കളമൊരുങ്ങുന്നു; സമരം ശക്തമാക്കാൻ ഹിന്ദു സംഘടനായോഗത്തിൽ തീരുമാനം

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല വിഷയത്തിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സേവ് ശബരിമല ഹിന്ദു നേതൃസമ്മേളനം നടന്നു. തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനം ചെയ്തു. കോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാർ ഹൈന്ദവ വിശ്വാസത്തെ ചവിട്ടിമെതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങൾക്ക് ജാതിയതയുടെ നിറം പകരാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് 100ൽപരം ആളുകൾ പങ്കെടുത്തു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ സംബന്ധിച്ച് ആലോചിക്കുന്നതിനും ആചാരസംരക്ഷണത്തിനായി രംഗത്തെത്തിയതിന്റെ പേരിൽ നിയമ നടപടി നേരിടുന്നവർക്ക് നിയമസഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച് ആലോചിക്കുന്നതിനായാണ് സേവ് ശബരിമല ഹിന്ദുനേതൃ സമ്മേളനം കോട്ടയത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞമാസം തിരുനക്കര സ്വാമിയാർ മഠത്തിൽ നടന്ന യോഗത്തിന്റെ തുടച്ചയായാണ് സമ്മേളനം നടന്നത്. ഹൈന്ദവ ആചാര വ്യവസ്ഥകളെ ധ്വംസനം ചെയ്യുന്ന കോടതി വിധി അസ്വീകാര്യമാണ്. ആ വിധി നടപ്പാക്കാനെന്ന പേരിൽ സർക്കാർ നടത്തുന്ന അനീതിയും അക്രമങ്ങളും അതിലേറെ അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രിയും പന്തളം കൊട്ടാരവും വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളും സ്വീകരിച്ച ശക്തമായ നിലപാടുകളിലൂടെയാണ് തുലാമാസ പൂജ സമയത്ത് ആചാരധ്വംസനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത്. ഇതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇപ്പോൾ അസത്യ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവതി പ്രവേശനത്തിനെതിരായ നിരവധി ഹർജികൾ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിരിക്കെ വിധി നടപ്പാക്കാനെന്ന വ്യാജേന സകല വിശ്വാസ പ്രമാണങ്ങളെയും സർക്കാർ ചവിട്ടിമെതിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ധർഷ്ട്യത്തിന്റെ മുഖമണിയുന്ന സർക്കാരിനുള്ള താക്കീതാണ് ഹിന്ദു നേതൃസമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി റിവ്യൂ ഹർജി പരിഗണിക്കുന്ന 13ാം തീയതി വരെ സംസ്ഥാന വ്യാപകമായി ശരണഘോഷങ്ങളും നാമജപയജ്ഞങ്ങളും വിവിധ സമ്മേളനങ്ങളും സംഘടിപ്പിക്കും. റിവ്യൂ ഹർജി നൽകാൻ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിലുള്ള രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിക്കുന്നതിനായാണ് കോട്ടയത്ത് ഹിന്ദു നേതൃ സമ്മേളനം വിളിച്ചു ചേർത്തതെന്ന് ശബരിമല കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. തുലാമാസ പൂജയോട് അനുബന്ധിച്ച് ശബരിമലയിലടക്കമുണ്ടായ സംഭവ വികാസങ്ങൾ ഹിന്ദുനേതൃസമ്മേളനം ചർച്ച ചെയ്തു. നാമജപയാത്രയിലും മറ്റ്് സമരങ്ങളിലും പങ്കെടുത്തതിന്റെ പേരിൽ പൊലീസ് നടപടി നേരിടുന്നവർക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നിയമസഹായം ലഭ്യമാക്കും. ആചാരലംഘനംതടയാൻ മുഴുവൻ ഹൈന്ദവ സംഘടനകളും പുർണ്ണ പിന്തുണ വാഗ്്ദാനം ചെയ്തതായും കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. സമാധാനപരമയി അഹിംസയുടെ മാർഗ്ഗത്തിലൂടെ സമരം തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ദേവസ്വം ബോർഡിന്റെ കാര്യങ്ങളിൽ മുഖ്യമന്ത്രിയുട ഇടപെടൽ അംഗീകരിക്കാനാവില്ല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ക്ഷേത്രകാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ല. 10 കോടിയോളം വരുന്ന ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് കടന്നിട്ടും മുഖ്യമന്ത്രി ധാർഷ്ട്യം തുടരുകയാണ്. റിവ്യൂ ഹർജിക്ക് സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണം. രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ഈമാസം 4ന് എല്ലാ ഗ്രാമങ്ങളിലും ശരണഘോഷം സംഘടിപ്പിക്കും. നട തുറക്കുന്ന 5ന് വൈകിട്ട് 3 മുതൽ നടയടയ്ക്കുന്ന 6ന് വൈകുന്നേരം വരെ 100 കണക്കിന് കേന്ദ്രങ്ങളിൽ അഖണ്ഡനാമജപ യജ്ഞം നടത്തും. 7 മുതൽ 10 വരെ തീയതികളിൽ ഒപ്പു ശേഖരണവും ഗൃഹ സമ്പർക്കവും നടക്കും. 10 മുതൽ 12 വരെ തീയതികളിൽ വിവിധ സമ്മേളനങ്ങളും നടക്കും.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ശബരിമല കർമ്മസമിതി മുഖ്യസംയോജകൻ എസ്ജെആർ കുമാർ, പന്തളം കൊട്ടാരം പ്രതിനിധി നാരായണ വർമ്മ, തന്ത്രി സമാജം പ്രതിനിധി അക്കീരമൺ കാളിദാസഭട്ടതിരി, സ്വാമി അയ്യപ്പദാസ്, ഇ എസ് ബിജു, എൻ കെ നീലകണ്ഠൻ മാസ്റ്റർ, കൃഷ്ണവർമ്മ രാജ തുടങ്ങിയവർ സംസാരിച്ചു.