video
play-sharp-fill
ശരണംവിളികളിൽ കുലുങ്ങാതെ ഇരട്ടച്ചങ്ക്: പതിനായിരങ്ങൾ തെരുവിലിറങ്ങിയിട്ടും മുഖ്യമന്ത്രിയുടെ നിലപാടിന് ഒരടി ഇളക്കമില്ല; സമരക്കാരെ ഭിന്നിപ്പിക്കാൻ രാഷ്ട്രീയ തന്ത്രവും പ്രയോഗിച്ചു: അടുത്ത അഞ്ചു വർഷം കൂടി വിജയം ഉറപ്പിച്ച് പിണറായിക്കാരൻ വിജയൻ

ശരണംവിളികളിൽ കുലുങ്ങാതെ ഇരട്ടച്ചങ്ക്: പതിനായിരങ്ങൾ തെരുവിലിറങ്ങിയിട്ടും മുഖ്യമന്ത്രിയുടെ നിലപാടിന് ഒരടി ഇളക്കമില്ല; സമരക്കാരെ ഭിന്നിപ്പിക്കാൻ രാഷ്ട്രീയ തന്ത്രവും പ്രയോഗിച്ചു: അടുത്ത അഞ്ചു വർഷം കൂടി വിജയം ഉറപ്പിച്ച് പിണറായിക്കാരൻ വിജയൻ

തേർഡ് ഐ ഡെസ്‌ക്
തിരുവനന്തപുരം: അളന്ന് മുറിച്ച വാക്കും, ആന പിടിച്ചാൽ ഇളകാത്ത തീരുമാനങ്ങളുമാണ് പിണറായിക്കാരൻ വിജയനെ അണികളുടെ ഇരട്ടച്ചങ്കനാക്കിയത്. ഈ ഇരട്ടച്ചങ്കിന്റെ ചൂടും ചൂരും ഇന്ന് തിരിച്ചറിയുകയാണ് കേരളം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞതിനു പിന്നാലെ, കോടതി വിധി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയന്റെ തീരുമാനം, കരിമ്പാറയേക്കാൾ ഉറച്ചതായിരുന്നു. പതിനായിരക്കണക്കിനു വിശ്വാസികളല്ല, സാക്ഷാൽ അയ്യപ്പൻ തന്നെ നേരിട്ട് വന്നാലും കുലുങ്ങാത്ത പാറപോലെ ഉറച്ച തീരുമാനം. ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിളിച്ച അതേ നാവുകൊണ്ടു തന്നെ തിരുകേശം വെറും ബോഡി വേസ്റ്റാണെന്നു പറഞ്ഞ പിണറായി വിജയൻ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കും എന്ന് പ്രഖ്യാപിക്കുമ്പോൾ ഇത് മറ്റൊരു ചരിത്രമായി മാറുകയാണ്.
സുപ്രീം കോടതി വിധി പ്രഖ്യാപിക്കും മുൻപ്ു തന്നെ പിണറായി വിജയനും, പാർട്ടിയും തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. സെപ്റ്റംബർ 28 ന് കോടതി വിധി വന്ന അന്നു മുതൽ ഇന്നു വരെ നിലപാടിയിൽ അണുവിട വ്യതിചലിക്കാത്ത ഒരേ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടെങ്കിൽ ഇത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനു എന്തു വന്നാലും തങ്ങൾ പിൻതുണ നൽകുമെന്ന് പിണറായി വിജയന്റെ ശരീര ഭാഷ വ്യക്തമാക്കുന്നു. സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി കൊടുക്കാൻ തയ്യാറായ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.പത്മകുമാറിനു നൽകിയ പത്രസമ്മേളനത്തിലെ താക്കീതിൽ പോലും ഈ സ്വരമുണ്ടായിരുന്നു.
സുപ്രീം കോടതി വിധി വന്നപ്പോൾ ആദ്യം കോൺഗ്രസും, ബിജെപിയും വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. ഇതിനു ശേഷമാണ് വിവിധ ഹൈന്ദവ സംഘടനകളും അയ്യപ്പ സേവാ സമിതി അടക്കമുള്ള സംഘടനകളും നാമജപ ഘോഷയാത്രയും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. തെരുവിൽ നടന്ന നാമജപ ഘോഷയാത്രയ്ക്കു പിന്നാലെ കോൺഗ്രസും ബിജെപിയും നിലപാട് മാറ്റി. എന്നാൽ, നാമജപ ഘോഷയാത്രയിലെ പങ്കാളിത്തം കണ്ടിട്ടും നിലപാടിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിരുന്നില്ല. പാർട്ടി ആളുകളെ സംഘടിപ്പിച്ച് വിശദീകരണ പരിപാടികൾ സംഘടിപ്പിച്ച് മുന്നോട്ട് പോകാനായിരുന്നു പിണറായി വിജയന്റെ തീരുമാനം. വിവിധ വേദികളിൽ പാർട്ടി സംഘടിപ്പിച്ച പരിപാടികളിൽ വന്ന വൻ ജനപങ്കാളിത്തം പിണറായി വിജയന്റെ ഈ തീരുമാനത്തെ ശരിവയ്ക്കുന്നതായിരുന്നു.
താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച പിണറായി വിജയന്റെ ചങ്കൂറ്റം തന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയുണ്ടാകുമെന്നും ഇത് തങ്ങളുടെ വോട്ട് ബാങ്കിന്റെ മുച്ചൂടും മുടിക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ ഭയം. ഇത് തന്നെയാണ് സിപിഎം വിരുദ്ധരും കേരളത്തിൽ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, എൻഎസ്എസ് എന്ന പ്രബല ഹിന്ദു സംഘടന തന്നെ സർക്കാരിനും പാർട്ടിയ്ക്കും എതിരെ നിന്നിട്ടും പിണറായി വിജയൻ കുലുങ്ങിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെരുന്നയിൽ നിന്നും സുകുമാരൻ നായർ നീട്ടിയൊന്നു മൂളിയാൽ മുന്നിൽ ഓച്ഛാനിച്ച് നിന്നിരുന്ന മുഖ്യമന്ത്രിമാരെ മാത്രം കണ്ടിരുന്ന കേരളത്തിനു വ്യത്യസ്ത മുഖമുള്ള മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. ചങ്ങനാശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് തിരിഞ്ഞ് നോക്കിയില്ലെന്ന് മാത്രമല്ല, സമരം പൊളിക്കാനുള്ള കരുക്കൾ പിണറായി വിജയൻ ഇവിടെ നിന്നു തന്നെ ആരംഭിക്കുകയും ചെയ്തു.
ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങുമ്പോൾ വിശാല ഹിന്ദു ഐക്യം എന്ന പഴയ ആശയം പൊടിതട്ടിയെടുക്കുകയായിരുന്നു ബിജെപി. എന്നാൽ, എൻഎസ്എസും എസ്എൻഡിപിയും ഒരു തട്ടിൽ ഒന്നിച്ച നിൽക്കില്ലെന്ന് ഉറപ്പാക്കാൻ വെള്ളാപ്പള്ളി നടേശനെ സമര മുന്നണിയിൽ നിന്നും അടർത്തി മാ്റ്റാനുള്ള തന്ത്രം പിണറായി പ്രയോഗിച്ചു. ഈ തന്ത്രം വിജയിക്കുകയും ചെയ്തു. എസ്എൻഡിപി യോഗം സമരത്തിന്റെ മുന്നണിയിലേയ്ക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചതോടെ സമരത്തിന്റെ അച്ചുതണ്ട് പൊളിഞ്ഞു. പിന്നീട്, ദളിത് സംഘടനകളെ സമരത്തിൽ നിന്നു പിന്മാറ്റുന്നതിനായി കൊച്ചിൽ ദേവസ്വം ബോർഡിലെ ശാന്തിമാരായി ദളിത് അടക്കമുള്ള വിഭാഗങ്ങളിൽ നിന്നുള്ള ശാന്തിമാരെ നിയമിച്ചു. ഇതോടെ ദളിത് വിഭാഗങ്ങളിൽ പലരും സമരത്തിൽ നിന്നും പി്ന്മാറുകയായിരുന്നു.
ഇതിനെല്ലാം ഉപരിയായി പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരന്റെ കുതന്ത്രം പ്രകടമായത് ശബരിമല സമരത്തിനു നേതൃത്വം കൊടുത്ത രാഹുൽ ഈശ്വറിനെ കുടുക്കിയതോടെയാണ്. സമരത്തിന്റെ മുന്നണിപ്പോരാളിയായി ആദ്യാവസാനം നിന്ന രാഹുലിനെതിരെ രണ്ട് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമര നേതൃത്വം തന്നെ ചിന്നഭിന്നമായി. ഒടുവിൽ തന്ത്രികുടുംബം തന്നെ രാഹുലിനെ തള്ളിപ്പറയുന്ന സ്ഥിതിയെത്തി. ഇതോടെ ശബരിമലയിലെ സമരം നയിക്കുന്ന രാഷ്ട്രീയേതര വിശ്വാസികൾക്കിടയിലും വിള്ളലുണ്ടായി. തന്ത്രികുടുംബത്തിനൊപ്പം നിൽക്കണോ രാഹുലിനൊപ്പം നിൽക്കണോ എന്ന തർക്കത്തിൽ സമരത്തിന്റെ ലക്ഷ്യം പാതിവഴിയിലായി. സമരത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കു കടന്നെങ്കിലും സർക്കാരിന്റെയും പിണറായിയുടെയും തന്ത്രത്തിൽ കുടുങ്ങി ഇത് വിജയിക്കുമോ എന്ന സംശയം ഉടലെടുക്കുന്നുണ്ട്.
സമരത്തിന്റെ പരിണിതഫലമായി ബിജെപി വളർന്നാൽ ഇത് തീർച്ചയായും ബാധിക്കുക കോൺഗ്രസിനെയാവും. കോൺഗ്‌സസ് വോട്ടുകളിലുണ്ടാകുന്ന ചോർച്ച തങ്ങൾക്കേ ഗുണം ചെയ്യൂ എന്ന തിരിച്ചറിയുന്ന പിണറായിയുടെ തന്ത്രം പക്ഷേ കോൺഗ്രസുകാർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കയ്യിൽ നിന്നു പോകുന്ന വോട്ടും, കാൽകീഴിലെ പ്രവർത്തകരും പോകുന്നത് തിരിച്ചറിയാൻ കോൺഗ്രസിന് സാധിക്കാതെ വരുമ്പോൾ നേട്ടമുണ്ടാക്കുന്നത് സിപിഎമ്മും പിണറായി വിജയനും ആകും…!