play-sharp-fill
നാമജപ ഘോഷയാത്ര നടത്തി: അക്രമി സംഘം എൻ.എസ് .എസ് കരയോഗമന്ദിരം തല്ലിത്തകർത്തു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

നാമജപ ഘോഷയാത്ര നടത്തി: അക്രമി സംഘം എൻ.എസ് .എസ് കരയോഗമന്ദിരം തല്ലിത്തകർത്തു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനു വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപ ഘോഷയാത്ര നടത്തിയ എൻഎസ്എസ് കരയോഗമന്ദിരം അക്രമി സംഘം എറിഞ്ഞ് തകർത്തു.  കിളിരൂർ 750ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ കരയോഗമന്ദിരത്തിന്റെ ചില്ലുകൾ അക്രമി സംഘം തകർത്തിട്ടുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയതിനു പിന്നാലെ എൻഎസ്എസിന്റെ കരയോഗമന്ദിരം ആക്രമിക്കപ്പെട്ടത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് തിരുവാർപ്പിലെ ഒരു റോഡ് ഉദ്ഘാടനത്തിനു ശേഷം മടങ്ങിയ ഒരു സംഘം കരയോഗ മന്ദിരത്തിനു നേരെ കല്ലേറ് നടത്തിയത്. ആക്രമണം നടത്തിയവർ സിപിഎം പ്രവർത്തകരാണെന്ന് എൻഎസ്എസ് ഭാരവാഹികൾ ആരോപിച്ചു.  കെട്ടിടത്തിന്റെ താഴത്തെ നിലയിലെ രണ്ട് ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നിട്ടുണ്ട്. എറിയാൻ ഉപയോഗിച്ച കല്ലും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. 31 നടക്കുന്ന എൻഎസ്എസ് പതാക ദിനാചരണത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾക്കായി രാത്രി വൈകി കരയോഗമന്ദിരത്തിൽ എത്തിയ യുവപ്രവർത്തകരാണ് ചില്ല് തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. കുമരകം എസ്‌ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുൻപ്് സിപിഎം ബിജെപി സംഘർഷമുണ്ടായ സ്ഥലമാണ് തിരുവാർപ്പും കിളിരൂർ മേഖലയും. ഈ സാഹചര്യത്തിൽ പൊലീസ് ജാഗ്രത ശക്തമാക്കി.