പാറമ്പുഴ പാറമടയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് തന്നെ: കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്; മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞില്ല; യുവാവിനെ ഓടിച്ച് പാറമടയിൽ തള്ളിയിട്ട് കൊന്നതെന്ന് സൂചന; യുവാവിനെ കാണാതായതായി നാട്ടുകാർ പറഞ്ഞിട്ടും അന്വേഷണം വൈകിപ്പിച്ച പൊലീസ് പ്രതികൾക്ക് രക്ഷപെടാൻ അവസരം ഒരുക്കി
സ്വന്തം ലേഖകൻ
കോട്ടയം: പാറമ്പുഴയിൽ പാറമടയിൽ യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നു കണ്ടെത്തിയെങ്കിലും, മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പാറമടയ്ക്കു സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും അക്രമി സംഘം തുരത്തിയോടിച്ച യുവാവ് തോട്ടിൽ വീണ് മരിച്ചതായാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് സംഭവത്തിൽ ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനിടെ യുവാവിനെ പാറമടയിൽ വീണ് കാണാതായതായ ദിവസം തന്നെ നാട്ടുകാർ പരാതിപ്പെട്ടിട്ടും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്. ആദ്യ ദിവസം തന്നെ കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ പ്രതികൾ രക്ഷപെടില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ശനിയാഴ്ച രാത്രി വൈകിയാണ് പാറമ്പുഴയിൽ പാറമടയിൽ യുവാവിനെ വീണതായി നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാ സേനയിലും പരാതിപ്പെട്ടത്. എന്നാൽ, രാത്രിയിൽ പരിശോധന നടത്തിയ പൊലീസ് സംഘം, പാതിവഴിയിൽ തിരച്ചിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പാറമടയിൽ മൃതദേഹം പൊങ്ങിയതോടെയാണ് പൊലീസ് സംഘം പിന്നീട് തിരച്ചിലിനായി എത്തിയത്.
മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യകതമായ സൂചന ലഭിച്ചതോടെ പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാറമടയോട് ചേർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനോടു ചേർന്ന താമസ സ്ഥലത്ത് സംഭവ ദിവസം രാത്രിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയിരുന്നതായി നാട്ടുകാർ സൂചന നൽകുന്നു. ഇവരും ക്യാമ്പിലുണ്ടായിരുന്ന യുവാവും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായതായും സൂചനയുണ്ട്. ഈ അടിപിടികൾക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചതായി സംശയിക്കുന്നതായാണ് നാട്ടുകാർ പൊലീസിനു നൽകിയ മൊഴി.
സംഭവത്തിനു ശേഷം ഇവിടെ നിന്നും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷപെട്ടതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവരെപ്പറ്റി കൃത്യമായ വിവരമില്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
https://thirdeyenewslive.com/paramada-dead-body/
Whatsapp Group 1 | Whatsapp Group 2 |Telegram Group