അടൂരിലെ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് വില്ലേജ് ഓഫീസർ മരിച്ച സംഭവം; സർജറി നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് സൂചന; സംസ്ഥാനത്ത് നിരവധി സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നു; ആരോഗ്യരംഗത്ത് കേരളം നമ്പർ 1 എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ വകുപ്പിൽ നടക്കുന്ന തട്ടിപ്പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയുന്നില്ലേ?
സ്വന്തം ലേഖകൻ
അടൂര്‍: ഹോളി ക്രോസ് ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തിൽ ദുരൂഹത
കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്‌ക്രിയ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയും കലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ 7.45 ന് കലയെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം കൂട്ടി.
9.30 ഓടെ മരണം സംഭവിച്ചു. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും ഗുരുതരവീഴ്ച മൂലമാണ് മരണം നടന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാൽ ഹോളിക്രോസ് ആശുപത്രിയിൽ കലയുടെ തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് ഇത് നടന്നത് എന്നുള്ളത് ഏറെ ലജ്ഞാകരം.
ഇയാൾ വർഷങ്ങളായി ഈ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് നിരവധി സർക്കാർ ഡോക്ടർമാർ ഇത്തരത്തിൽ സർക്കാർ ശമ്പളവും വാങ്ങി സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
കേരളം ആരോഗ്യ രംഗത്ത് നമ്പർ വൺ എന്ന് പറയുന്ന മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയുമൊക്കെ ഈ തട്ടിപ്പ് അറിഞ്ഞ ഭാവം നടിക്കില്ല.
ബന്ധുക്കളുടെ പരാതിയില്‍ അടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.