ശബരിമല സ്ത്രീ പ്രവേശനം: കോൺഗ്രസിൽ ഉടൻ വൻ കൊഴിഞ്ഞു പോക്ക്; ജി.രാമൻനായർ അടക്കം മൂന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ബിജെപിയിലേയ്ക്ക്; രാമൻ നായർ ബിജെപി പ്രവേശനം പ്രഖ്യാപിച്ചു; പത്ത് കോൺഗ്രസ് നേതാക്കൾ കൂടി എത്തുമെന്ന് ബിജെപി
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അസംതൃപ്തരായ സംസ്ഥാനത്തെ മൂന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക്. ഇതിന്റെ ആദ്യ ഘട്ടമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് സംസ്ഥാന സമിതി അംഗവുമായിരുന്ന ജി.രാമൻ നായർ ഉടൻ തന്നെ ബിജെപിയിൽ ചേരും. കഴിഞ്ഞ ദിവസം രാമൻനായർക്കെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാമൻ നായർ ബിജെപിയിൽ ചേരുമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ സമരങ്ങളെല്ലാം പരാജയമാണെന്നും, ബിജെപിയും ആർഎസ്എസുമാണ് ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ മുന്നോട്ടിറങ്ങിയിരിക്കുന്നതെന്നും പ്രഖ്യാപിച്ചാണ് രാമൻനായർ തന്റെ ബിജെപി പ്രവേശനം എന്ന പുതിയ മേച്ചിൽപുറത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നത്. രാമൻനായരുടെ ബിജെപി പ്രവേശനത്തിനു ചുക്കാൻ പിടിച്ചിരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള തന്നെയാണെന്നാണ് സൂചന. ശ്രീധരൻപിള്ള ബിജെപി അധ്യക്ഷനായതിനു പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക് എത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ യാഥാർത്ഥ്യത്തിൽ എത്തുന്നത്.
ഇതിനിടെ രാമൻനായരെ കൂടാതെ പ്രയാർഗോപാലകൃഷ്ണനുമായും ബിജെപി ആർഎസ്എസ് നേതൃത്വം ചർച്ച നടത്തുന്നുതായും സൂചനയുണ്ട്. ബിജെപിയുടെ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള തല മുതിർന്ന നേതാവ് വഴിയാണ് ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആർഎസ്എസും സംഘപരിവാർ സംഘടനകളും പിന്നിൽ നിന്നു നയിക്കുന്ന വിവിധ സ്വീകരണ പരിപാടികളിലേയ്ക്ക് പ്രയാർ ഗോപാലകൃഷ്ണന് ക്ഷണമുണ്ട്. ശബരിമ വിഷയത്തിൽ കോൺഗ്രസ് പരസ്യപ്രതികരണത്തിനു എത്തുന്നില്ലെന്ന വിമർശനം ഉന്നയിച്ചാണ് പ്രയാർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. ആർഎസ്എസ് ഭക്തരുടെ സംഘടനയാണെന്നും പ്രയാർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും ബിജെപി പാളയത്തിൽ എത്തിക്കുന്നതിനുള്ള നീക്കം സജീവമായിരിക്കുന്നത്.
ഇതിനിടെ മധ്യകേരളത്തിൽ നിന്നുള്ള മറ്റൊരു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും, കോട്ടയത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ദേവസ്വം ബോർഡ് അംഗവും ബിജെപി പാളയത്തിലേയ്ക്ക് എത്തുമെന്നും അഭ്യൂഹം പടരുന്നത്. അടുത്ത ഒരു മാസത്തിനിടയിൽ പത്ത് പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക് എത്തുമെന്നു പ്രമുഖ ബിജെപി സംസ്ഥാന നേതാവ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതിനുള്ള തന്ത്രങ്ങൾ ദേശീയ തലത്തിൽ നിന്നു തന്നെ ആരംഭിച്ചിട്ടുമുണ്ട്.
ശബരിമല വിഷയത്തെ രാഷ്ട്രീയട വത്കരിച്ച് കോൺഗ്രസിൽ നിന്നും ആളുകളെ ചോർത്താനുള്ള നീക്കമാണ് ഇപ്പോൾ ബിജെപി കേരളത്തിൽ നടത്തുന്നത്.