play-sharp-fill
പൊലീസ് നിങ്ങളെ ബിജെപിയാക്കി..! ശബരിമല സംഘർഷം: രണ്ടായിരം പേർ അറസ്റ്റിൽ; പുറത്തിറക്കാൻ രാഷ്ട്രീയ പാർട്ടികളില്ലാതെ ‘ഭക്തർ’ വെട്ടിൽ; നിയമസഹായ പ്രഖ്യാപനവുമായി സംഘപരിവാർ; സ്ത്രീകളെ പോലും അറസ്റ്റ് ചെയ്യുന്നെന്ന് ആരോപണം; അടിയന്താരവസ്ഥയെന്ന് എൻഎസ്എസ്

പൊലീസ് നിങ്ങളെ ബിജെപിയാക്കി..! ശബരിമല സംഘർഷം: രണ്ടായിരം പേർ അറസ്റ്റിൽ; പുറത്തിറക്കാൻ രാഷ്ട്രീയ പാർട്ടികളില്ലാതെ ‘ഭക്തർ’ വെട്ടിൽ; നിയമസഹായ പ്രഖ്യാപനവുമായി സംഘപരിവാർ; സ്ത്രീകളെ പോലും അറസ്റ്റ് ചെയ്യുന്നെന്ന് ആരോപണം; അടിയന്താരവസ്ഥയെന്ന് എൻഎസ്എസ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിലെയും നിലയ്ക്കലിലെയും സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് രണ്ടായിരത്തോളം ആളുകൾ. നിലവിൽ അറസ്റ്റിലായവരെല്ലാം സംഘപരിവാർ സംഘടനകളും ബിജെപിയുമായി ബന്ധമുള്ളവരാണെന്നാണ് സൂചന. സംഘപരിവാർ സംഘടനകളുടെ ഭാഗമല്ലാത്ത എച്ചഎച്ച്പി അടക്കമുള്ള സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചവരും നിലവിൽ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, അയ്യപ്പ ഭക്തരുടെ പേരിൽ അക്രമം നടത്തുകയും, കേസിൽ പെടുകയും ചെയ്ത പലരും യഥാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്. അക്രമം നടത്തിയവരിൽ ഭൂരിഭാഗം പേരും നിലവിൽ ഒരു സംഘടനയുടെയും സജീവ പ്രവർത്തകരല്ല. അതുകൊണ്ടു തന്നെ ഇവർക്കു വേണ്ടി കേസ് നടത്താനും, ജാമ്യത്തിലിറക്കാനും ഈ സംഘടനകൾ തയ്യാറായി രംഗത്ത് എത്തുമോ എന്നാണ് അറിയേണ്ടത്.
കെഎസ്ആർടിസി ബസുകളും ചാനലുകളുടെയും പൊലീസിന്റെയും വാഹനങ്ങളും തകർത്ത വകയിൽ മൂന്നു കോടിയ്ക്കു മുകളിലാണ് സർക്കാർ നഷടപരിഹാരം കണക്കാക്കിയിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ചാൽ ഇവർക്ക് ഈ തുക കോടതിയിൽ കെട്ടി വയ്ക്കാതെ ജാമ്യത്തിലിറങ്ങാൻ സാധിക്കില്ല. ഇതും ഇവർക്ക് കുടുക്കായി മാറും. കാര്യമായ രാഷ്ട്രീയമില്ലാതിരുന്ന പലരും ഇതിലൂടെ ബിജെപിയിലേയ്ക്കും സംഘപരിവാർ സംഘടനകളുടെയും സജീവ പ്രവർത്തകരായി മാറുമെന്നതാണ് നിലവിൽ കേസെടുത്തിരിക്കുന്നതിന്റെ പരിണിത ഫലം. കേസിൽ കുടുങ്ങുന്നവർക്ക് സൗജന്യ നിയമസഹായം നൽകുമെന്ന വാഗ്ദാനം നൽകുന്ന വാഗ്ദാനവുമായി സംഘപരിവാർ സംഘടനകൾ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കോടതികളിൽ ഇതിനായി പ്രത്യേകം സജീകരണവും ഇവർ ഒരുക്കിയിട്ടുണ്ട്.
നിലവിൽ പൊലീസ് 485 കേസുകളാണ് നിലയ്ക്കലിലെ സമരവുമായി ബന്ധപ്പെട്ട് മാത്രം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവിടെ നിന്നു മാത്രം 285 ഓളം ആളുകളെ തിരിച്ചറിയുകയും ചിത്രം പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമുണ്ടായ അക്രമങ്ങളിൽ ശേഖരിച്ച വീഡിയോ ദൃശ്യങ്ങളും ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും വന്ന ചിത്രങ്ങളും പരിശോധിച്ചാണ് പൊലസ് സംഘം അക്രമികളെ തിരിച്ചറിഞ്ഞത്. ഇവരെ ഓരോരുത്തരെയായി വിവിധ ജില്ലകളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരും വിശദാംശങ്ങളും കൃത്യമായി മാധ്യമങ്ങൾക്ക് നൽകണമെന്ന നിർദേശം ആഭ്യന്തര വകുപ്പ് പൊലീസിനു നൽകിയിട്ടുണ്ട്. ഇതുവഴി ശബരിമലയുടെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സന്ദേശം നൽകുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അടുത്ത മാസം 17 ന് ആരംഭിക്കുന്ന മണ്ഡലകാല സീസണിൽ അക്രമം തടയുന്നതിനും ഇതുവഴി പൊലീസ് കൃത്യമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. നിലവിൽ തിരിച്ചറിഞ്ഞ അക്രമികളെ അടുത്ത തവണ കോടതിയുടെ അനുമതിയോടെ ആവശ്യമെങ്കിൽ കരുതൽ തടങ്കലിൽ വയ്ക്കാനും, നിരീക്ഷണത്തിൽ വയ്ക്കാനും സാധിക്കും. ഇതിലൂടെ അടുത്ത തവണ സന്നിധാനത്ത് അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.


ഇതിനിടെ സംസ്ഥാനത്ത് ഭക്തരെ അറസ്റ്റ് ചെയ്യുന്നത് അടിയന്താരവസ്ഥയ്ക്ക് തുല്യമായ നടപടിയാണെന്ന ആരോപണവുമായി എൻഎസ്എസ് രംഗത്ത് എത്തി. സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പത്തിലായിരുന്ന എൻഎസ്എസും, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമാണ് ഇപ്പോൾ എതിർചേരിയിൽ എത്തിയിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ അടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group