ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം: 50 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ്
സ്വന്തം ലേഖകൻ
തിരുവല്ല: തിരുവല്ല കുറ്റൂരിൽ ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരം അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അൻപത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ നൂറിലധികം പേരാണ് തിരുവല്ല കുറ്റൂർ ജംഗ്ഷനിൽ ഞായറാഴ്ച ഒത്തു ചേർന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുതായി പാർട്ടിയിൽ ചേർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. അവശ്യസർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്. പാർട്ടിയിലേക്ക് പുതുതായി ചേർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു.
അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറയുന്നു. പരിപാടിക്ക് വന്നവർ മാലയിട്ട് മാറി നിൽക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.