
മാധ്യമപ്രവർത്തകയോട് വാട്ട്സ്ആപ്പിൽ മോശം പരാമർശം; ‘കളക്ടർ ബ്രോ’ എൻ. പ്രശാന്ത് ഐ.എ.എസിനെതിരെ കേസ്
സ്വന്തം ലേഖകൻ
കൊച്ചി: മാധ്യമപ്രവർത്തകയോട് വാട്ട്സ്ആപ്പിൽ മോശം പരാമർശം നടത്തിയതിന് എൻ. പ്രശാന്ത് ഐഎഎസിനെതിരേ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിതയ്ക്കാണ് ദുരനുഭവമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ. പ്രശാന്തിനോട് പ്രതികരണം തേടിയപ്പോൾ അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകൾ തിരിച്ചയക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് വ്യാപക പ്രതിഷേധമുയരുകയും സംഭവത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുറ്റകൃത്യം നടന്നതായി തെളിഞ്ഞതായും പ്രശാന്ത് സ്ത്രീത്വത്തെ അപമാനിച്ചതായും എഫ്ഐആറിൽ പറയുന്നു.
പ്രശാന്തിനെതിരായ പരാതിയിൽ പോലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽനിന്ന് നിയമോപദേശവും തേടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം.
മാധ്യമപ്രവർത്തകൻ ഉദ്യോഗസ്ഥനോട് വിവരങ്ങൾ തേടുന്നത് തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങൾ നൽകാനും നൽകാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട്. എന്നാൽ മോശമായ പ്രതികരണം പാടില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രശാന്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.