
സ്വന്തം ലേഖകൻ
കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന് രണ്ടരമാസം മുൻപ് ഏതോ അസുഖം വന്നിരുന്നു. ഈ രോഗം ഉൾപ്പെടെ പരിശോധന പരിധിയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗപ്രതിരോധത്തിനായി മോണോ ക്ലോറൽ ആന്റിബോഡി ഓസ്ട്രേലിയയിൽ നിന്ന് ഉടൻ എത്തിക്കും.
ഉറവിടം കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായി കുട്ടിയുടെ വീട്ടിൽ എത്തിയവർ, വീടിനടുത്തെ സമീപകാല മരണങ്ങൾ എന്നിവയും പരിശോധിക്കും. എല്ലാ ദിവസവും രോഗബാധയുടെ പുരോഗതി നാല് മണിക്ക് മാധ്യമങ്ങളെ അറിയിക്കും. ഇന്ന് മൂന്ന് മണിക്ക് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈറിസ്ക്ക് പട്ടികയിലുള്ള 20 പേരെ ഇന്ന് വൈകീട്ട് നാല് മണിക്ക് മുൻപ് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സമ്പർക്ക പട്ടികയിൽ മെഡിക്കൽ കോളേജിലെ 100 ആരോഗ്യപ്രവർത്തകരും സ്വകാര്യ ആശുപത്രിയിലെ 36 ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 188 പേരാണ് നിലവിലുള്ളത്. ഇവരിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് ലക്ഷണങ്ങൾ കണ്ടു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘം കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്. വൈറോളജി ലാബ് കോഴിക്കോടൊരുക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന ഒരുക്കും. നാളെ വൈകിട്ട് സജ്ജീകരണം പൂർത്തിയാവും. അവശ്യ മരുന്നുകൾ സ്റ്റോക്ക് ഉണ്ടെന്ന് മന്ത്രി അറിയിച്ചു. നിപ ബാധയുമായി ബന്ധപ്പെട്ട് കോൾ സെന്റർ തുറന്നിട്ടുണ്ട്. 0495-238500, 0495-2382800 എന്നീ നമ്പറുകളിലേക്ക് വിളിച്ചാൾ കോൾ സെന്ററിൽ ബന്ധപ്പെടാം.



