സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാംപ്രതി ടി.ആർ. സുനിൽ കുമാർ ക്രൈം ബ്രാഞ്ചിൻറെ പിടിയിൽ. തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പിടിയിലായത്.
സുനിൽ കുമാർ മുമ്പ് കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും. സിപിഎം ലോക്കൽ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു സുനിൽ കുമാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങൾ പുറത്തെത്തിയതോടെ സുനിൽ കുമാർ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. പ്രതികളെ പാർട്ടി നേതാക്കൾ സംരക്ഷിക്കുകയാണ് എന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികളും വിമർശിച്ചിരുന്നു.
ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ (58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം (45), മുൻ സീനിയർ അക്കൗണ്ടൻറ് ജിൽസ് (43), ബാങ്ക് അംഗം കിരൺ (31), ബാങ്കിൻറെ മുൻ റബ്കോ കമ്മീഷൻ ഏജൻറ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടൻറ് റെജി അനിൽ (43) എന്നിവരാണ് കേസിലെ മറ്റ് ആറ് പ്രതികൾ.
കേസിൽ പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. കേസിൽ ജൂലൈ 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിലെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ബാങ്ക് ഇടപാടുകാരുടെ ആധാരം അടക്കം അവരറിയാതെ വീണ്ടും പണയപ്പെടുത്തി പ്രതികൾ കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്.
സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വായ്പ തട്ടിപ്പിൽ ഇഡിയും കേസെടുത്തിട്ടുണ്ട്.