പാലാരിവട്ടം മേൽപ്പാലം അഴിമതി: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർജി തള്ളി ഹൈക്കോടതി; അഴിമതിപണം ഉപയോഗിച്ച് മകന്റെ പേരിൽ സൂരജ് വാങ്ങിയത് മൂന്നരക്കോടിയുടെ ഭൂമി; സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉത്തരവ് നടപ്പാക്കുക മാത്രമാണ് താൻ ചെയ്തത്, അഴിമതിയിൽ പങ്കില്ലെന്ന് സൂരജ്
സ്വന്തം ലേഖകൻ
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർജി തള്ളി ഹൈക്കോടതി. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും, എഫ്.ഐ.ആർ ഇടുന്നതിന് മുൻപ് സർക്കാരിന്റെ അനുവാദം വാങ്ങണമെന്ന നിയമം തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നാണ് സൂരജിന്റെ വാദം.
സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് സർക്കാർ ഉത്തരവ് നടപ്പാക്കുക മാത്രമാണ് താൻ ചെയ്തത്. അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഹർജിയിൽ സൂരജ് വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാരിവട്ടം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നിയമപരിശോധനയ്ക്കായി വിജിലൻസ് സർക്കാരിന് കൈമാറിയതിനിടെയാണ് സൂരജ് കോടതിയെ സമീപിച്ചത്.
എന്നാൽ ഹൈക്കോടതി ഹർജി തള്ളിയതോടെ സൂരജിനെതിരെ അഴിമതി കേസ് നിലനിൽക്കും. കേസിലെ പ്രതിയാണ് സൂരജ്.
എന്നാൽ കോടതിയിൽ സൂരജിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വാദങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്.
സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അഴിമതിയുടെ തുടക്കം മുതൽ സൂരജിന്റെ പങ്കാളിത്തമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകളുൾപ്പെടെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്.
അഴിമതിയെക്കുറിച്ച് സൂരജിന് വ്യക്തമായ അറിവുണ്ടായിരുന്നു. പാലം അഴിമതിയിലെ മുഖ്യകണ്ണിയാണ് സൂരജ്. അഴിമതിപ്പണം ലഭിച്ച കാലയളവിൽ മകൻറെ പേരിൽ ഇടപ്പള്ളിയിൽ മൂന്നരക്കോടിയുടെ ഭൂമി സൂരജ് വാങ്ങിയെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
ഇത് അംഗീകരിച്ചുകൊണ്ടാണ് സൂരജിന്റെ ഹർജി ഹൈക്കോടതി തള്ളിയത്.