സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ ജി ശാലിനി റവന്യൂ മന്ത്രി കെ രാജനുമായി കൂടിക്കാഴ്‌ച നടത്തി. നാലു പേജുള്ള കത്തും ഒ ജി ശാലിനി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെയാണ് ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഉത്തരവ് പുറത്തിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നുമാണ് ശാലിനി കത്തിൽ പറയുന്നത്.
അപേക്ഷ നൽകാതെയാണ് ഗുഡ് സർവീസ് എൻട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് തൻറെ ഭാഗം കേൾക്കാതെയാണെന്നും ശാലിനി കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കത്ത് പരിശോധിച്ച മന്ത്രി തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ശാലിനി കത്ത് കൈമാറിയിട്ടുണ്ട്.
ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയത് വിവാദമായതിന് പിന്നാലെ റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറിയായ ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്കാണ് മാറ്റം.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി ഇപ്പോൾ നിർബന്ധിത അവധിയിലാണ്.