പടുകിളവന്മാരെ പെയിന്റടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറക്കുമ്പോള്‍; കരുത്തുറ്റ വനിതാ നേതാക്കളായ ലതികാ സുഭാഷിനെയും ശോഭാ സുരേന്ദ്രനെയും ടിഎന്‍ സീമയെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് മുന്നണികള്‍; പെണ്ണായത് കൊണ്ട് മാത്രം മുഖ്യമന്ത്രി സ്ഥാനം തഴയപ്പെട്ട ഗൗരിയമ്മ മുതല്‍ തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് വരെ; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്ന പോലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെണ്ണുങ്ങള്‍ക്കെന്ത് കാര്യം?; കേരളത്തിന്റെ പെണ്‍ രാഷ്ട്രീയം അടുക്കളപ്പുറത്തെ വിശേഷമല്ല

പടുകിളവന്മാരെ പെയിന്റടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറക്കുമ്പോള്‍; കരുത്തുറ്റ വനിതാ നേതാക്കളായ ലതികാ സുഭാഷിനെയും ശോഭാ സുരേന്ദ്രനെയും ടിഎന്‍ സീമയെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് മുന്നണികള്‍; പെണ്ണായത് കൊണ്ട് മാത്രം മുഖ്യമന്ത്രി സ്ഥാനം തഴയപ്പെട്ട ഗൗരിയമ്മ മുതല്‍ തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് വരെ; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്ന പോലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെണ്ണുങ്ങള്‍ക്കെന്ത് കാര്യം?; കേരളത്തിന്റെ പെണ്‍ രാഷ്ട്രീയം അടുക്കളപ്പുറത്തെ വിശേഷമല്ല

ഏ കെ ശ്രീകുമാർ

കോട്ടയം: ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി…’ കെ.ആര്‍ ഗൗരിയമ്മയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് അവരെപ്പറ്റി എഴുതിയ വരികളാണിത്. ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയായ, കേരളത്തിലെ ആദ്യ മന്ത്രിസഭാ അംഗമായ ഗൗരിയമ്മയില്‍ തുടങ്ങാം കേരളത്തിന്റെ ഔദ്യോഗിക പെണ്‍രാഷ്ട്രീയ വിശേഷങ്ങള്‍. സമരഭൂമിയില്‍ പടവെട്ടി, ഉറച്ച ചുവടുകളുമായി നിയമസഭയിലേക്ക് നടന്നു കയറിയ ഗൗരിയമ്മ ഇ.എം.എസിനൊപ്പം മുഖ്യമന്ത്രി പദവിക്ക് യോഗ്യയായിരുന്നുവെങ്കിലും തഴയപ്പെട്ടു. അവര് പെണ്ണല്ലേ..

വെയിലത്ത് കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും ശക്തി പ്രകടനത്തിനും മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ പര്‍ട്ടികള്‍ക്ക് സ്ത്രീകളെ ആവശ്യം. സ്ത്രീ പ്രധിനിത്യത്തെപ്പറ്റി പ്രസംഗവേദികളില്‍ മാത്രം ഉറക്കെ സംസാരിക്കുന്ന നേതാക്കള്‍, തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ വനിതകളെ പരിഗണിക്കുന്നതിനെപ്പറ്റി ചിന്തിക്കാറുപോലുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ ഒറ്റയ്ക്ക് പോരാടുന്നതും രാഷ്ട്രീയമാണെന്ന് ഇന്നലെ ഒരു സ്ത്രീ കേരളത്തിന് മനസ്സിലാക്കിത്തന്നു. നീതി നിഷേധത്തിന്റെയും അവഹേളനത്തിന്റെയും ഖദറില്‍ പൊതിഞ്ഞ രാഷ്ട്രീയത്തിന് നേര്‍ക്ക് അവര്‍ തന്റെ മുടി മുറിച്ച് എറിഞ്ഞു- ലതികാ സുഭാഷ്. പ്രീഡിഗ്രി കാലം മുതല്‍ 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൊടി നെഞ്ചേറ്റുന്ന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നല്‍കാത്ത നെറികെട്ട രാഷ്ട്രീയത്തിന് എതിരെയായിരുന്നു ആ പ്രതിഷേധം. നിലപാടുകള്‍ക്കനുസരിച്ച് പലരീതിയില്‍ വ്യാഖ്യാനിക്കാമെങ്കിലും കേരളത്തിന്റെ കപട രാഷ്ട്രീയത്തിന് നേരെ ഒരു സ്ത്രീ ഏറ്റവും ഉറക്കെ പ്രതികരിച്ച നിമിഷമായി ചരിത്രം അതിനെ അടയാളപ്പെടുത്തും. 140 സീറ്റുകളിലും മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി 9 വനിതകളെ മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ‘സംവരണസീറ്റുകളും വിജയ സാധ്യത ഇല്ലാത്ത സീറ്റുകളിലും ഉള്‍പ്പെടെ’…

140 സീറ്റുകളിലും ഇടത് മുന്നണിയും ഘടകകക്ഷികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും 15 വനിതകള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം നേടിയത്. ഉറച്ച നിലപാടുകളുള്ള സ്ത്രീകള്‍ക്ക് പഞ്ഞമുള്ള ഇടമല്ല ഇടത് മുന്നണി. എന്നിട്ടും സിപിഐ സംസ്ഥാന കമ്മിറ്റി അംഗമായ ടിഎന്‍ സീമ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ പോലും തെരഞ്ഞെടുപ്പ് കാലത്ത് കേള്‍ക്കുന്നില്ല. ഒരു ആര്യ രാജേന്ദ്രനെയോ ശൈലജ ടീച്ചറെയോ സികെ ആശയെയോ ചൂണ്ടിക്കാണിച്ച്, ചാനല്‍ ചര്‍ച്ചകളിലെ രാഷ്ട്രീയം പോലെ പകരം പറയാം. എങ്കിലും നവോത്ഥാനത്തിന്റെയും സ്ത്രീപക്ഷ സമരങ്ങളുടെയും തലതൊട്ടപ്പന്മാരെന്ന് സ്വയം അവകാശപ്പെടുന്ന ഇടത് മുന്നണി, സ്ത്രീ പങ്കാളിത്തത്തെപ്പറ്റി പുനര്‍വിചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചു.

സംഘി ചാപ്പ കുത്തി ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കളെ തോജോവധം ചെയ്തിരുന്ന കാലത്തിനും മുന്‍പേ പാര്‍ട്ടി സഹയാത്രികയായിരുന്നു ശോഭാ സുരേന്ദ്രന്‍. പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉറച്ച ശബ്ദമായ ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കണോ വേണ്ടയോ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല പാര്‍ട്ടിയില്‍. സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തുമായി രണ്ട് സീറ്റുകളില്‍ മത്സരിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രന് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നതെന്ന് ഓര്‍ക്കുക. 115 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി 14 വനിതാ സ്ഥാനാര്‍ത്ഥികളെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നത്.

പിന്നെയും എത്രയോ വനിതകളെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും നിര്‍ദാക്ഷണ്യം വെട്ടിമാറ്റിയിരിക്കുന്നു. അവര്‍ക്കായി സ്മൃതി മണ്ഡപങ്ങളോ പ്രതിമകളോ ഉയര്‍ന്നില്ല. അവരുടെ തലമുറകളെ രാഷ്ട്രീയ പാരമ്പര്യം പറഞ്ഞ് ആരും കൈപിടിച്ച് ഉയര്‍ത്തിയില്ല. പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച് മരിച്ച് മണ്ണടിഞ്ഞ്, വിസ്മൃതിയിലാണ്ടുപോയ കുറേയേറെ പെണ്ണുങ്ങള്‍..