play-sharp-fill
ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രി  ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത് പരാതി നല്‍കാന്‍ എത്തിയവര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കിയെന്ന് ആരോപിച്ച് ; ടീ വെന്‍ഡിംങ്‌ മെഷീന്‍ ഉദ്ഘാടനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാതിരുന്നതും ചാനലില്‍ ബൈറ്റ് നല്‍കിയതും കാരണമായി ; സിപിഒ പി.എസ് രഘുവിനെ സസ്‌പെന്‍ഡ് ചെയ്തത് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ

ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത് പരാതി നല്‍കാന്‍ എത്തിയവര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കിയെന്ന് ആരോപിച്ച് ; ടീ വെന്‍ഡിംങ്‌ മെഷീന്‍ ഉദ്ഘാടനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാതിരുന്നതും ചാനലില്‍ ബൈറ്റ് നല്‍കിയതും കാരണമായി ; സിപിഒ പി.എസ് രഘുവിനെ സസ്‌പെന്‍ഡ് ചെയ്തത് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ

സ്വന്തം ലേഖകന്‍

കൊച്ചി: ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ക്ക് ചായയും ബിസ്‌ക്കറ്റും ഒരുക്കി നല്‍കിയതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരുപതിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനായ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ് രഘുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെയാണ് സി.പി.ഒ രഘുവിനെ  ടീ വെന്‍ഡിംങ്‌ മെഷീന്‍ ഉദ്ഘാടനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കാതിരുന്നതിനും ചാനലില്‍ ബൈറ്റ് നല്‍കിയതിനും സസ്‌പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നല്‍കുന്ന സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ ഇത് വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു.

അതേസമയം ഈ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയിരുന്നു, ഇതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഡി.ജി.പി ഓപീസില്‍ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റില്‍ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

മനസില്‍ പല പ്രശ്നങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ എത്തുവരാണ് ഏറിയ പങ്കും, നിയമപരമായി പരിഹരിക്കേണ്ട വിഷയങ്ങളില്‍ സഹായം തേടിയെത്തുന്നവര്‍. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാകും പലരും എത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ ആരുമായിക്കൊള്ളട്ടെ, വാദിയോ, പ്രതിയോ, സാക്ഷിയോ, പൊതുപ്രവര്‍ത്തകരോ,, ആരായാലും വേണ്ടില്ല, ആദ്യം ഒരു ചായയോ, കാപ്പിയോ, ലെമണ്‍ ടീയോ കുടിക്കൂ എന്ന ആശയം പി.എസ് രഘുവാണ് സ്റ്റേഷന്‍ എസ്.എച്ച്.ഒയോട് ആദ്യം അവതരിപ്പിക്കുന്നത്.

ഒപ്പം വിശന്നു വരുന്നവര്‍ക്ക് ഫ്രിഡ്ജില്‍ ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവയും കരുതാമെന്നും അഭിപ്രായപ്പെട്ടു. മികച്ച ആശയമായതിനാല്‍ എസ്.എച്ച്.ഒ എ.വി.ടി കമ്പനിയോട് സ്റ്റേഷനില്‍ ചായ നിര്‍മ്മിക്കുന്ന മെഷീന്‍ വയ്ക്കാന്‍ കത്തെഴുതി. തുടര്‍ന്ന് അവര്‍ മെഷീന്‍ സ്ഥാപിക്കുകയായിരുന്നു. സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഇതിന് വേണ്ട ചെലവ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പിരിവിട്ടാണ് കണ്ടെത്തുന്നത്. അതിനിടയിലാണ് രഘുവിന് സസ്‌പെന്‍ഷന്‍ ഉത്തരവും ലഭിച്ചത്.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സംവിധാനം നടപ്പിലാക്കിയതിന് സസ്‌പെന്‍ഷന്‍ നല്‍കിയതിന് സേനയില്‍ നിന്നും കടുത്ത എതിര്‍പ്പുയരുകയാണ്. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ നിരവധി പ്രശംസയ്ക്ക് അര്‍ഹനായ വ്യക്തിയാണ്. ലോക്ക് ഡൗണ്‍ സമയത്ത് വിശക്കുന്നവര്‍ക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും ‘ എന്നൊരു ബോര്‍ഡ് ഈ പൊലീസ് സ്റ്റേഷന് മുന്നില്‍ തൂക്കിയിരുന്നു. ദിവസം ആയിരത്തോളം പേര്‍ക്കാണ് കളമശ്ശേരി ജനമൈത്രി പൊലീസ് വിശപ്പകറ്റിയിരുന്നത്.. ‘മനുഷ്യര്‍ക്കും മാത്രമല്ല മൃഗങ്ങള്‍ക്കും. വയറ് നിറയെ ഭക്ഷണം കൊടുത്തിരുന്നു. മുഴുവന്‍ തെരുവുനായകള്‍ക്കും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു.

നിരവധി നല്ല കാര്യങ്ങള്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നിസ്സാര കാര്യത്തിന് സസ്‌പെന്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി ആദ്യആഴ്ചയില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവു നിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ വിശദീകരണം ചോദിച്ചതും തുടര്‍ന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു.

എന്നാല്‍ പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ പറഞ്ഞത്.