കോട്ടയത്ത് രണ്ടാഴ്ചയ്ക്കിടെ രണ്ട് കര്‍ഷകരുടെ ആത്മഹത്യാ ശ്രമം ; കൊയ്ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരണത്തിന് തയ്യാറാകാതെ മില്ലുടമകള്‍ : പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് 13,000 ക്വിന്റല്‍ നെല്ല് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു

കോട്ടയത്ത് രണ്ടാഴ്ചയ്ക്കിടെ രണ്ട് കര്‍ഷകരുടെ ആത്മഹത്യാ ശ്രമം ; കൊയ്ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരണത്തിന് തയ്യാറാകാതെ മില്ലുടമകള്‍ : പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് 13,000 ക്വിന്റല്‍ നെല്ല് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം : കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടും മില്ലുടമകള്‍ നെല്ല് സംഭരിക്കാത്തതില്‍ കര്‍ഷകരുടെ ഇടയില്‍ പ്രതിഷേധം ശക്തമാകുന്നു. നെല്ല് സംഭരിക്കാതെയുള്ള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ജില്ലയിലെ രണ്ട് കര്‍ഷകരാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

കഴിഞ്ഞ ദിവസം നീണ്ടൂര്‍ പഞ്ചായത്തിലെ മാക്കോതറ-നൂറുപറ പാടശേഖരത്തില്‍, ആര്‍പ്പൂക്കര മഠത്തേടത്ത് തോമസാണ് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇദ്ദേഹത്തെ പിന്‍തിരിപ്പിച്ചത്. 50 ഏക്കറിലാണ് ഇദ്ദേഹത്തിന് കൃഷിയുള്ളത്.കഴിഞ്ഞയാഴ്ച കല്ലറയിലും സമാനസംഭവം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറുപറ-മാക്കോത്തറ, നീണ്ടൂര്‍-കൈപ്പുഴക്കരി, കൈപ്പുഴ-കൈപ്പുഴക്കരി എന്നീ പാടശേഖരങ്ങളിലെ 400 കര്‍ഷകരില്‍നിന്നായി ശേഖരിച്ച 13,000 ക്വിന്റല്‍ നെല്ലാണ് മില്ലുടമകള്‍ സംഭരിക്കാതായതോടെ പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഒരോ ദിവസം കഴിയുന്തോറും വേനല്‍മഴയുടെ ഭീതിയിലാണ് കര്‍ഷകര്‍.

മഴപെയ്താല്‍ എത്രയുംപെട്ടെന്ന് പാടത്തുനിന്ന് നെല്ലുനീക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇത് കര്‍ഷകരെ മില്ലുടമകള്‍ പറയുന്ന തൂക്കത്തില്‍ നെല്ലുനല്‍കേണ്ട അവസ്ഥയിലെക്ക് എത്തിയ്ക്കുകയും ചെയ്യും. കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സപ്ലൈകോയുടെ കീഴിലുള്ള മില്ലുടമകള്‍ സംഭരണത്തിന് തയ്യാറാകാതെവന്നതാണ് പ്രതിസന്ധിക്ക് കാരണം.

ക്വിന്റലിന് ആറുകിലോയിലേറെ കിഴിവുചോദിച്ച് മില്ലുടമകള്‍ വിട്ടുനില്‍ക്കുകയാണ്. 300 ഏക്കര്‍വരുന്ന ചോഴിയപ്പാറ, 280 ഏക്കര്‍വരുന്ന വിരിപ്പുകാലാ, 180 ഏക്കര്‍വരുന്ന താഴത്തെകുഴി, 80 ഏക്കര്‍വരുന്ന കെട്ടിനകം എന്നീ പാടശേഖരങ്ങള്‍ കൊയ്ത്തിന് പാകമായ നിലയിലാണ്. കോവിഡ് പ്രതിസന്ധിമൂലം കടക്കെണിയിലായ കര്‍ഷകര്‍ സാമ്പത്തികബാധ്യതയാല്‍ നട്ടംതിരിയുമ്പോഴാണ് ക്വിന്റിലിന് ആറുകിലോയിലേറെ കിഴിവ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി സംഭരണത്തിനായി മറ്റു പാടശേഖരങ്ങളിലേക്ക് പോവുകയായിരുന്ന ലോറികളും തടഞ്ഞു. നെല്ല് കത്തിച്ചും പ്രതിഷേധമുണ്ടായി. കൃഷിക്കാര്‍ പിന്നീട് കോട്ടയത്ത് പാഡി ഓഫീസില്‍ ഉപരോധവും നടത്തി.