ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമോ…? വീണാ ജോർജ്ജിനെതിരെ ഏഷ്യാനെറ്റിൽ നിന്നും രാജിവെച്ച സുജയ പാർവ്വതിയെ ഇറക്കാൻ ബി.ജെ.പി നീക്കം ; ആറന്മുളയിലെ ത്രികോണ മത്സരം ഇത്തവണയും പ്രവചനാതീതം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമാകാൻ സാധ്യത. ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥിയായി വീണാ ജോർജ് വീണ്ടും രംഗത്ത് എത്തുമെന്ന് ഉറപ്പാണ്. കോൺഗ്രസിനും എൽ.ഡി.എഫിനുമൊപ്പം ബിജെപിക്കും ഇവിടെ നല്ല വോട്ടുണ്ട്.
ശബരിമല ഇടപെടലിനൊപ്പം എൻ.എസ്.എസ് മനസ്സ് അനുകൂലമാക്കിയാൽ അത്ഭുതമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഇവിടേക്ക് മാധ്യമ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും അവതാരികയായിരുന്ന സുജയപാർവതി രാജിവച്ചിരുന്നു. പ്രത്യേക കാരണമൊന്നും സൂചിപ്പിക്കാതെയാണ് രാജി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജി എന്നാണ് സൂചന.
വി മുരളീധരനുമായി അടുത്ത ബന്ധമുള്ള ഈ മാധ്യമ പ്രവർത്തക ബിജെപി സ്ഥാനാർത്ഥി ആയി മത്സരിക്കാനാണ് സാധ്യത. മധ്യകേരളത്തിലെ ഒരു മണ്ഡലത്തിൽ ഇവരെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. ഇത് ആറന്മുളയാണെന്നാണ് സൂചന. എന്നാൽ ബിജെപിയുടെ ഔദ്യോഗിക ഭാരവാഹികൾ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ കെ സുരേന്ദ്രന്റെ ജാഥയുടെ ഭാഗമായി സുജയ എത്തുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജാഥയുടെ പ്രചരണ പ്രവർത്തനങ്ങളിലും ഇവർ ഇടപെടും. സംസ്ഥാനതലത്തിലെ വാർ റൂമിലാകും ജാഥയുടെ പ്രചരണ പദ്ധതികൾ തയ്യാറാക്കുക. ഇതിന്റെ നേതൃത്വം സുജയ്യയ്ക്ക് നൽകുമെന്നും സൂചനയുണ്ട്. എന്നാൽ ചെറിയൊരു ബ്രേക്കിന് വേണ്ടിയാണ് ഇപ്പോഴത്തെ രാജിയെന്നാണ് സുജ്ജയ അറിയിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സുജയ്യ പറഞ്ഞു. കോട്ടയത്തും തിരുവല്ലയിലും വേരുകളുള്ള സുജയ കോളേജ് പഠനകാലത്ത് സ്വതന്ത്രയായി ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുണ്ട്. ആറന്മുളയിൽ സുജയ്യയെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും ബിജെപിക്കുള്ളിൽ നടന്നിട്ടില്ലെന്നാണ് ബിജെപിയുടെ ഔദ്യോഗിക പ്രതികരണം.
എപ്പോഴും വലത്തോട്ട് ചാഞ്ഞിരുന്ന മണ്ഡലം 2016ലാണ് ഇടത്തോട്ട് കളം മറ്റിയത്. വീണ ജോർജിനെ വച്ച് എൽഡിഎഫ് പിടിച്ച മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥി മാറ്റം ഇടതുപക്ഷം ആലോചിക്കുന്നില്ല എന്നാണ് വിവരം. വിജയ പ്രതീക്ഷയേറിയതിനാൽ മണ്ഡലത്തിൽ മൽസരിക്കാൻ കോൺഗ്രസിൽ കൂട്ടപ്പോരാണ്. ആറ് പേരാണ് നിലവിൽ തയ്യാറെടുത്ത് നിൽക്കുന്നത്.