പെട്രോൾ ഡിസൽ വിലയിൽ ഹർത്താൽ: പ്രഖ്യാപിക്കും മുൻപേ പൊരുത്തപ്പെട്ട് ജനം; വാഹനങ്ങൾ ഓടുന്നില്ല; കടകൾ തുറന്നില്ല: കോട്ടയത്തും ഹർത്താൽ ആഘോഷമാക്കി നാട്ടുകാർ
സ്വന്തം ലേഖകൻ
കോട്ടയം: പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും ഭാരത് ബന്ദിനോട് സമ്മിശ്ര പ്രതികരണവുമായി കോട്ടയം. ആരും പ്രഖ്യാപിക്കും മുൻപു തന്നെ ബന്ദിനെ ഏറ്റെടുത്ത്, ഓഫിസും സ്‌കൂളും മുടക്കിയ ജനം പക്ഷേ, സ്വകാര്യ വാഹനങ്ങളിൽ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്രയും തിരിച്ചിട്ടുണ്ട്. രണ്ടാം ശനിയും, ഞായറും കഴിഞ്ഞെത്തിയ ഹർത്താലിനെ അവധിയുടെ മൂഡോടെയാണ് കോട്ടയം സ്വീകരിച്ചത്.
കഴിഞ്ഞ ആഴ്ച തന്നെ ബന്ദ് പ്രഖ്യാപിച്ചിരുന്നതിനാൽ സർക്കാർ ജീവനക്കാരിൽ പലരം, തിങ്കളാഴ്ച കൂടി ലഭിക്കുന്ന രീതിയിൽ വിവിധ സ്ഥലങ്ങളിൽ യാത്രയിലായിരുന്നു. അതുകൊണ്ടു തന്നെ സർക്കാർ ഓഫിസുകളിലെല്ലാം ഹാജർ നില കുറവായിരുന്നു. സ്‌കൂളുകളിൽ വിദ്യാർത്ഥികളും അധ്യാപകരും എത്തിയതേയില്ല. കെ.എസ്ആർടിസി സർവീസുകളൊന്നും നടത്തിയില്ല. സ്വകാര്യ ബസുകളും, ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും സർവീസ് നടത്തയതേയില്ല. അതുകൊണ്ടു തന്നെ നഗരത്തിലെ നിരത്തുകളിലെല്ലാം തിരക്ക് കുറവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിൽ ഓടിയ വാഹനങ്ങളിൽ ഏറെയും സ്വകാര്യ വാഹനങ്ങളായിരുന്നു. വിവിധ ബോർഡുകൾ സ്ഥാപിച്ച് ഓടിയ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞതേയില്ല. അതുകൊണ്ടു തന്നെ പ്രതിഷേധവും കുറവായിരുന്നു. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്. റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ യാത്രക്കാരാണ് യഥാർത്ഥത്തിൽ വലഞ്ഞത്. പലരും തുടർ യാത്രയ്ക്ക് അവസരം ലഭിക്കാതെ ബുദ്ധിമുട്ടി. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പോലും നഗരത്തിൽ സംവിധാനങ്ങളില്ലായിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ കടമാത്രമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്.
ഹർത്താലിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നഗരത്തിലും പരിസരപ്രദേശത്തും പ്രകടനം നടത്തി. എൽഡിഎഫും യുഡിഎഫും നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയർക്കുന്നതും പ്രകടനം നടത്തി. കോൺഗ്രസ് നേതാവ് ജോയിസ് കൊറ്റത്തിൽ പ്രകടനത്തിനു നേതൃത്വം നൽകി.