പി.സി ജോർജ് കുടുക്കിലേയ്ക്ക്: പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ്; പത്രസമ്മേളനത്തിന്റെ വീഡിയോ പൊലീസ് ശേഖരിച്ച് തുടങ്ങി; നടപടിയെടുക്കാൻ സമ്മർദം ശക്തം
സ്വന്തം ലേഖകൻ
കോട്ടയം: പത്രസമ്മേളനത്തിൽ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ കേസെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പി.സി ജോർജ് എംഎൽഎ കന്യാസ്ത്രീയ്‌ക്കെതിരെ അധിക്ഷേപകരമായ പരമാർശങ്ങൾ നടത്തിയത്. സംഭവത്തിൽ കന്യാസ്ത്രീ കോടതിയെ സമീപിക്കുമെന്ന് ഉറപ്പായതോടെയാണ് കേസ് എടുക്കാനുള്ള പ്രാഥമിക അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി വെസ്റ്റ് പൊലീസിനു നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി വെസ്റ്റ് സിഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കന്യാസ്ത്രീയ്‌ക്കെതിരെ പി.സി ജോർജ് നടത്തിയ അധിക്ഷേപകരമായ പത്രസമ്മേളനത്തിന്റെ വീഡിയോ വിവിധ മേഖലകളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ നടപടികളിലേയ്ക്ക് പൊലീസ് കടക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
മുൻപ് പലതവണ അധിക്ഷേപകരമായ പരാമർശങ്ങൾ പലർക്കെതിരെയും നടത്തിയിട്ടുണ്ടെങ്കിലും പി.സി ജോർജ് എംഎൽഎ പലപ്പോഴും രക്ഷപെട്ട് നിൽക്കുകയായിരുന്നു. വിഷയത്തിൽ നിന്നു ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണ് പലപ്പോഴും പി.സി ജോർജ് ഇടപെടുന്നതും. പക്ഷേ, ഇത്തവണ കളി ഒരൽപം പാളി. പി.സി ജോർജിന്റെ പ്രസ്താവനെയിൽ പരാതി നൽകാൻ കന്യാസ്ത്രീ തയ്യാറെടുക്കുകയും, പൊതുജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ പി.സി ജോർജ് നിലവിൽ വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ വിഷയം മാത്രം ചർച്ച ചെയ്ത റിപബ്ലിക്ക് ടി.വിയുടെ ചാനൽ ചർച്ചയിൽ ജോർജ് ഇരുന്ന് ഉരുകുകയായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ജോർജ് സത്യത്തിൽ സഭയെയും കന്യാസ്ത്രീകളെയും മൊത്തത്തിൽ അപമാനിക്കുകയായിരുന്നുവെന്ന രീതിയിലാണ് റിപബ്ലിക്ക് ചാനൽ ചർച്ച നടത്തിയത്. ഇതോടെ വിഷയം ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു.
വിഷയത്തിൽ ഉടൻ തന്നെ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ ജോർജിനെ വിളിച്ചു വരുത്താനും ശാസിക്കാനും തീരുമാനിക്കുകയായിരുന്നു. ഇത് യഥാർത്ഥത്തിൽ ജോർജിനും, സഭയ്ക്കും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടിയായി മാറി. മുൻപ് പല വിഷങ്ങളിലും ഇടപെട്ട് വിഷയം തന്നെ തിരിച്ചു വിടുന്നതായിരുന്നു പി.സി ജോർജിന്റെ രീതി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇദ്ദേഹത്തിനെതിരെ പാമോലിൻ കേസിൽ വിധി പ്രഖ്യാപിച്ച ജഡ്ജിയെ പി.സി ജോർജ് അസഭ്യം പറഞ്ഞു. ഒടുവിൽ ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്നും പിൻമാറുകയായിരുന്നു. ഗൗരിയമ്മയെ പരസ്യമായി അസഭ്യം പറഞ്ഞത് ചാനലിൽ ലൈവായി മാറി. കെ.എസ്.ഇബി ഓഫിസിലെത്തി ജീവനക്കാരെ കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ജോർജ് പട്ടികജാതിക്കാരെയും അസബ്യം പറഞ്ഞ് പുലിവാൽ പിടിച്ചു. ഇതിനിടെ എസ്എൻഡിപി സമുദായത്തെ അവഹേളിച്ച ജോർജിനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞവരോട് തിരിച്ച് അതിലും വലിയ തെറി പറഞ്ഞാണ് ജോർജ് പിടിച്ചു നിന്നത്.