പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍;  കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ പോലീസ്

പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍; കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ പോലീസ്

സ്വന്തം ലേഖകന്‍

കൊല്ലം: പട്ടികജാതിക്കാരനായ തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെ പരാതി. ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ കിണര്‍ പണിക്കായാണ് കോണ്‍ട്രാക്ടറായ ഉദയന്‍ കര്‍ണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയില്‍ മജാളി പഞ്ചയത്തിലാണ് ഇവരെ തൊഴിലിനായി എത്തിച്ചത്.

ഉദയന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്താണ് താമസം നല്‍കിയിരുന്നത്. ജോലിക്ക് ശേഷം രാത്രി 8.30 യോട് കൂടി സുധര്‍മ്മന്‍ പാചകം ചെയ്ത ഭക്ഷണം എല്ലാവും ഒരുമിച്ചിരുന്ന് കഴിക്കവെ കോണ്‍ട്രാക്ടര്‍ ഉദയന് സമീപം ഭക്ഷണവുമായി ഇരുന്ന സുധര്‍മ്മനെ കുറവന്‍ എന്റെയടുത്ത് ഇരിക്കുന്നോ എന്ന് ആക്രോശിച്ച് കൊണ്ട് അടിക്കുകയായിരുന്നു. മുഖത്ത് അടിയേറ്റ സുധര്‍മന്റെ മൂക്ക് തകര്‍ന്ന് രക്തം വരുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധരഹിതനായി വീണ സുധര്‍മ്മനെ നിലത്തിട്ട് ചവിട്ടി. അക്രമം തടയാന്‍ എത്തിയ മറ്റ് തൊഴിലാളികളെയും മര്‍ദ്ദിച്ചു. അക്രമത്തില്‍ ഭയന്ന് അവശനിലയിലായ സുധര്‍മ്മനുമായി രക്ഷപ്പെടാന്‍ ശ്രമിച്ച സുഭാഷ്, ബാബു എന്നീ തൊഴിലാളികളെ ഉദയന്‍ തടയുകയും വസ്ത്രങ്ങളടങ്ങിയ ബാഗും മൊബൈല്‍ ഫോണും കൈവശപ്പെടുത്തി. ബന്ധികളായ തൊഴിലാളികളെ ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൊണ്‍ട്രാക്ടറുടെ കൊലവിളിയില്‍ ഭയന്ന തൊഴിലാളികള്‍ അബോധാവസ്ഥയിലായ സുധര്‍മ്മനെയും താങ്ങിയെടുത്ത് 20 കിലോമീറ്ററോളം നടന്ന് തൊട്ടടുത്തെ റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും. പലരില്‍ നിന്നും സ്വീകരിച്ച പണം ഉപയോഗിച്ച് ട്രെയിന്‍ മാര്‍ഗം കണ്ണൂരില്‍ എത്തുകയായിരുന്നു.

കണ്ണൂരില്‍ വെച്ച് പൊലീസിനോട് സംഭവിച്ച കാര്യങ്ങള്‍ വിവരിക്കുകയും, പൊലീസ് നിര്‍ദ്ദേശാനുസരണമാണ് പൂയപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയത്. കണ്ണൂരില്‍ പൊലീസുകാര്‍ പിരിവിട്ട് നല്‍കിയ പണം ഉപയോഗിച്ചാണ് മൂവരും സ്വദേശമായ കൊല്ലത്ത് എത്തിയത്. ഗുരുതരമായി പരിക്കേറ്റ സുധര്‍മ്മനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സുധര്‍മ്മന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികത്സതുടരുകയാണ്. പരിക്ക് മൂലം ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥിലാണ് സുധര്‍മ്മന്‍.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ കണ്ടെത്തി ജോലിക്കായി അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോകുകയാണ് ഇയാളുടെ രീതി. പണത്തിനായി രാപ്പകല്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അവസാനം ലഭിക്കുന്നത് ക്രൂര മര്‍ദ്ദനവും ജാതീയമായ അധിക്ഷേപവുമാണ്. പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്ത് തൊഴിലെടുപ്പിക്കുന്ന ഉദയനെതിരെ പരാതികള്‍ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.