
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ത്യൻ കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന പുതിയ കാർഷിക നിയമങ്ങൾ വലിയ കാർഷിക ദുരന്തം ഇന്ത്യയിൽ സൃഷ്ടിക്കുമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയത്ത് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരാർകൃഷി വ്യാപകമാക്കൽ, കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിൽ നിന്നും എഫ്.സി.ഐ പോലെയുള്ള സർക്കാർ സംവിധാനങ്ങളുടെ പിൻമാറ്റം, കാർഷികോൽപ്പന്നങ്ങളുടെ മിനിമം താങ്ങുവില ഇല്ലാതാക്കൽ, എ.പി.എം.സിപോലെയുള്ള കർഷകർ നേതൃത്വം നൽകുന്ന വിപണികൾ ഇല്ലാതാക്കൽ തുടങ്ങിയ ആപൽക്കരമായ നിർദേശങ്ങളെല്ലാം കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്നതാണ്. കാർഷിക മേഖലയിൽ നിയമം നിർമ്മിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്തുകൊണ്ട് കേന്ദ്രസർക്കാർ നടത്തിയിട്ടുള്ള ഈ നിയമനിർമ്മാണം ഇന്ത്യയുടെ ഫെഡറൽ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണ്. ഇതിനെതിരായി ഡൽഹിയിൽ കർഷകർ നടത്തുന്ന പോരാട്ടം ഇന്ത്യൻ ചരിത്രത്തിലെ ഉജ്ജ്വലസമരമാതൃകയായി മാറിയിരിക്കുന്നു. ഈ സമരത്തെ പിന്തുണക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടേയും ഉത്തരവാദിത്വമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിസാൻ സഭ ജില്ലാ സെക്രട്ടറിഇ.എൻ ദാസപ്പൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.ടി ജോസഫ്, കർഷക സംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ, എം.കെ ദിലീപ്, സലീം പി. മാത്യു, അഡ്വ. വി.വി ബിനു, അഡ്വ. വി.ടി തോമസ്, സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, എം.കെ പ്രഭാകരൻ, അഡ്വ. ശ്രീകുമാർ, ബി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.വനിതാ സാഹിരി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപടികൾ നടന്നു. വിവിധ ട്രേഡ് യൂണിയനുകൾ, യുജവജനസംഘടനകൾ, വനിതാ, കർഷകത്തൊഴിലാളികൾ എന്നിവർ സത്യാഗ്രഹത്തിന് അഭിവാദ്യം അർപ്പിച്ച് നഗരത്തിൽ പ്രകടനം നടത്തി.







