Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: വോട്ടെടുപ്പ് ദിവസം കോട്ടയം നഗരമധ്യത്തിൽ അഴിഞ്ഞാടുകയും, അക്രമം നടത്തുകയും അക്രമം തടയാനെത്തിയ പൊലീസുകാരെ അടിച്ചും ചവിട്ടിയും കടിച്ചും പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികളെ കോടതി ജാമ്യത്തിൽവിട്ടത് കോടതി ജീവനക്കാരനായ പ്രതിയുടെ ജോലി പോകാതിരിക്കുന്നതിനു വേണ്ടി. കോടതി ജീവനക്കാരനും ബാങ്ക് മാനേജരും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം നടുറോഡിൽ വച്ച് സി.ഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിൽ നഗരമധ്യത്തിൽ ചാലുകുന്നിലാണ് മദ്യപ സംഘം യുവാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, പൊലീസ് ഡ്രൈവർ ജോൺ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. യൂണിയൻ ബാങ്ക് ജീവനക്കാരനായ അയ്മനം പാണ്ഡവം വൈശാഖം വീട്ടിൽ ആനന്ദ് കൃഷ്ണ, ഇയാളുടെ സഹോദരനും കോട്ടയം മൊബൈൽ കോടതി ജീവനക്കാരനുമായ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയ മണിയ്ക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിംങ് ഓഫിസറും എം.ജി സർവകലാശാല ജീവനക്കാരിയുമായ ഉദ്യോഗസ്ഥയുടെ വണ്ടി റോഡിലെ കുഴിയിൽ വീണത് കയറ്റാനെത്തിയ സംഘത്തെയാണ് മദ്യലഹരിയിലായിരുന്ന സംഘം ആക്രമിച്ചത്. പൊലീസുകാരെ ആക്രമിച്ച പ്രതികളെ രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നടുറോഡിൽ വച്ചും, പൊലീസ് സ്റ്റേഷനിൽ വച്ചും മദ്യപസംഘം പൊലീസിനെ കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

ഈ പ്രതികൾക്കെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തുകയായിരുന്നു. തുടർന്നു, പ്രതികളെ കോടതിയിൽ ഹാജരാക്കിയെങ്കിലും പ്രതികളെ മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരുന്ന പ്രതികളെയാണ് പൊലീസിന്റെ വാക്ക് പോലും കേൾക്കാതെ ജാമ്യത്തിൽവിട്ടത്. പ്രോസിക്യൂഷൻ വാദം കേൾക്കാൻ പോലും തയ്യാറാകാതെയാണ് പ്രതികൾക്കു കോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ, കേസിലെ രണ്ടു പ്രതികൾ സർക്കാർ ജീവനക്കാരാണ്. കേസിൽ 24 മണിക്കൂറിലേറെ റിമാൻഡിൽ കഴിയേണ്ടി വന്നാൽ ബാങ്ക് മാനേജരെയും, കോടതി ജീവനക്കാരനെയും സസ്‌പെന്റ് ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായാണ് കോടതി പ്രതികൾക്കു അതിവേഗം ജാമ്യം നൽകിയത്. ഇതിനു പിന്നാലെ കേസിന്റെ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിനു നിർദേശം നൽകിയിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിനു വേണ്ട നടപടികൾ പൊലീസും ആരംഭിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ വാദം കേൾക്കാതെ പ്രതികളെ ജാമ്യത്തിൽ വിട്ട മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് മർദ്ദനമേറ്റവർ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചിട്ടുമുണ്ട്