ഈ പൊലീസുകാരും മനുഷ്യരാണ്…! സമരവും ഉന്തും തള്ളും കൊവിഡ് പേടിയിൽ പൊലീസുകാർ; കോട്ടയം ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 28 പൊലീസുകാർക്ക്; എസ്.പി അടക്കം ക്വാറന്റയിനിൽ പോയത് 177 പേർ; ഇൻഷ്വറൻസ് പോലുമില്ലാതെ ടെൻഷനടിച്ച് പൊലീസ് ഉദ്യോഗസ്ഥർ

ഈ പൊലീസുകാരും മനുഷ്യരാണ്…! സമരവും ഉന്തും തള്ളും കൊവിഡ് പേടിയിൽ പൊലീസുകാർ; കോട്ടയം ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 28 പൊലീസുകാർക്ക്; എസ്.പി അടക്കം ക്വാറന്റയിനിൽ പോയത് 177 പേർ; ഇൻഷ്വറൻസ് പോലുമില്ലാതെ ടെൻഷനടിച്ച് പൊലീസ് ഉദ്യോഗസ്ഥർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർക്കാരിനെതിരെ സമരം ചെയ്യാനിറങ്ങുന്ന പ്രതിഷേധക്കാരെ, ഒന്ന് ഓർമ്മിക്കുക ഈ പൊലീസുകാരും മനുഷ്യരാണ്. കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളിലെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പുറത്തു വന്ന കണക്കുകളാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്. ജില്ലയിൽ ഇതുവരെ 28 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അടക്കം 177 പൊലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ ക്വാറന്റയിനിൽ കഴിയേണ്ടതായും വന്നിരിക്കുന്നത്.

കോട്ടയം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സമരങ്ങൾ അരങ്ങേറുകയാണ്. ഈ സമരങ്ങളിലെല്ലാം പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്നതും പതിവാണ്. തിരുവോണത്തിന്റെ തലേന്ന് യൂത്ത് കോൺഗ്രസ് യുവമോർച്ചാ പ്രവർത്തകരും തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്. തുടർന്നാണ്, ജില്ലയിൽ ആദ്യമായി ജല പീരങ്കി പ്രയോഗിച്ചതും.

എന്നാൽ, പിന്നീട് സമരം കൂടുതൽ ശക്തമാകുകയായിരുന്നു. ബിജെപി – യുവോമോർച്ചാ പ്രവർത്തകരുടെ സമരത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും പോലും ഉണ്ടാകുന്ന സ്ഥിതി വരെ എത്തി കാര്യങ്ങൾ. പിന്നീട് പല തവണ ജില്ലാ കളക്ടറേറ്റിനു മുന്നിലെ റോഡ് പൊലീസും പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനു വരെ വേദമായി മാറിയിട്ടുണ്ട്.

എന്നാൽ, ജീവൻ പണയം വച്ച് സമരക്കാരെ നേരിടാനിറങ്ങുന്ന പൊലീസുകാരുടെ കാര്യത്തിൽ ഇനിയും യാതൊരു സുരക്ഷയും ഇല്ലെന്നതാണ് വാസ്തവം. കൊവിഡ് കാലത്ത് പോലും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊലീസിനു ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. കൊവിഡ് കാലത്തെ പ്രതിഷേധങ്ങൾ രോഗം പടർത്തുമെന്നു പറയുന്ന സർക്കാർ തന്നെയാണ് സാധാരണക്കാരായ പൊലീസ്് ഉദ്യോഗസ്ഥർക്കു യാതൊരു സുരക്ഷയും ഏർപ്പെടുത്തി നൽകാത്തത്.