ഇങ്ങോട്ടൊരു ശ്രദ്ധയും പരിഗണനയും കുളിരു കോരുന്ന ഡയലോഗും കേട്ട് ഞാൻ പറഞ്ഞാൽ എല്ലാം കേൾക്കുന്ന അവന്റെ കൂടെ വല്ലാതങ്ങു പദ്ധതികൾ വിഭാവനം ചെയ്യാൻ വരട്ടെ ; വികാരത്തെ വിവേകം കൊണ്ട് നിർവചിക്കുവാൻ പഠിക്കൂ : ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ വൈറൽ കുറിപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം : കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ രണ്ട് ആത്മഹത്യകൾ കേട്ടതിന്റെ ഞെട്ടലിലാണ് കേരളക്കര. ഈ രണ്ട് ആത്മഹത്യയുടെയും കാരണം പ്രണയിച്ചയാൾ വിവാഹം കഴിക്കുവാൻ വിസമ്മതിച്ചുവെന്നാണ്. പ്രണയ നഷ്ടത്തിന് പിന്നാലെയുണ്ടാവുന്ന ആത്മഹത്യയെക്കുറിച്ചാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സാനി വർഗീസ് എഴുതിയിരിക്കുന്നത്.
ഡോ. സാനി വർഗീസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാമുകീ കാമുകന്മാരും ആത്മഹത്യയും
കേരളത്തിൽ ഈ ദിവസങ്ങളിൽ വളരെ ഏറെ ചർച്ചാ വിഷയം ആയ രണ്ടു പെൺകുട്ടികളുടെ ആത്മഹത്യകൾ ആണ് ഇതെഴുതുവാൻ പ്രേരിപ്പിച്ചത്. രണ്ടിലും കാരണമായി പറഞ്ഞു കേട്ടത് പ്രണയിച്ച ആൾ വിവാഹം കഴിക്കുവാൻ വിസമ്മതിച്ചു എന്നതാണ്. അതും വളരെ വർഷങ്ങളുടെ ബന്ധങ്ങൾ. ഒരു കേസിൽ ആണെങ്കിൽ അവർ തമ്മിൽ ഉണ്ടായിരുന്ന ലൈംഗീക ബന്ധത്തിന് തെളിവെന്ന വണ്ണം അബോർഷൻ നടത്തിയതിനെ കുറിച്ചും വാർത്തകളിൽ വായിച്ചു.
ഈ രണ്ടു കഥകളിലും വില്ലനായി കേട്ടത് സ്ത്രീധനം ആണ്.
പെൺകുട്ടികളോട് ഇത്തിരി ന്യൂറോ സൈക്കോളജിയും പ്രണയ മനഃശാസ്ത്രവും.
ഇങ്ങോട്ടൊരു ശ്രദ്ധയും, പരിഗണയും, പിന്നെ കുളിരു കോരുന്ന പ്രണയ ഡയലോഗും കേട്ടു ‘ഞാൻ പറഞ്ഞാൽ എല്ലാം കേൾക്കുന്ന അവന്റെ (കാമുകിമാരുടെ സ്വകാര്യ അഹങ്കാരം) കൂടെ വല്ലാതങ്ങു പദ്ധതികൾ വിഭാവനം ചെയ്യാൻ വരട്ടെ.
നിങ്ങളുടെ കാമുകന്റെ ഈ ആശയ വിനിമയം അവന്റെ ഫ്രോണ്ടൽ ബ്രയിനിൽ നിന്നാണോ ഇമോഷണൽ ബ്രയിനിൽ നിന്നാണോ?
യുവാക്കളിൽ പ്രത്യേകിച്ചും
ഫ്രോണ്ടൽ ബ്രെയിൻ എന്ന വിവേകത്തിന്റെ ഇരിപ്പിടം പാകപ്പെട്ടു വരുവാൻ തന്നെ അല്പം കാലതാമസം എടുക്കും. സാധാരണ ഗതിയിൽ തന്നെ ഒരു ഇരുപത്തി അഞ്ചു വയസ്സൊക്കെ ആക്ഷേപം ഇല്ലാതെ പറയാം. പലപ്പോഴും 45വയസ്സ് വരെയൊക്കെ ഈ ഭാഗത്തിന് വളർച്ചയുണ്ട്.
അപ്പോൾ തീർച്ചയായും ടീൻ എയ്ജിലും ഇരുപതുകളുടെ ആദ്യത്തിലും തുടങ്ങി വയ്ക്കുന്ന പ്രണയങ്ങൾ യാഥാർഥ്യ ബോധത്തോടെ ഉള്ളതാണോ എന്ന് പലവട്ടം ചിന്തിക്കേണ്ടതുണ്ട്.
വളർച്ചാ ഹോർമോണിന്റെ വർദ്ധന, ലൈംഗീക ത്വര, ലൈംഗീക അഭിരുചി, ഹൈ റിസ്‌ക് സെക്ഷ്വൽ സ്വഭാവങ്ങൾ, എതിർ ലിംഗത്തിലുള്ള ആളിൽ നിന്നും കിട്ടുന്ന അനുഭൂതി, സമൂഹത്തിന്റെയും സമപ്രായക്കാരുടെയും മുന്നിൽ ഒരു നായക പരിവേഷം എന്നിവയൊക്കെ അല്ലാതെ വിവാഹം എന്ന വലിയ എസ്റ്റാബ്ലിഷ്‌മെന്റിനു വേണ്ടിയുള്ള തയ്യാറെടുപ്പോ മനസ്സോ ഇവർക്ക് വേണം എന്ന് നിർബന്ധം ഇല്ല. എന്നാൽ ഇങ്ങനെ ആണ് മനസ്സിലിരുപ്പ് എന്ന് അല്ലല്ലോ ഇത്തരത്തിലുള്ളവർ പെൺകുട്ടികളോട് പറയുക. ലൗ സ്‌ക്രിപ്ട്, സെക്‌സ് സ്‌ക്രിപ്റ്റ്് ഒക്കെ കലാപരമായി അവതരിപ്പിക്കുന്ന ഇക്കൂട്ടർ അപാര സജഷൻ ആണ് പെൺപിള്ളേർക്കു കൊടുക്കുന്നത്.
പെൺകുട്ടികൾക്ക് ആകട്ടെ വളരെ നേരത്തെ വിവാഹം ആവശ്യമായി തോന്നും. ഒപ്പം ലൈംഗീക ബന്ധവും കൂടെ കൊണ്ട് പോകുന്ന പ്രണയ ബന്ധങ്ങളിൽ ഇവൻ എന്നെ എപ്പോ കെട്ടും എന്ന മനശ്ശാസ്ത്രം ആണ് കൂടുതലായും ഉണ്ടാകുക. ഇതിനിടയിൽ ഈ കാമുകന്റെ മറ്റു ബന്ധങ്ങൾ അറിഞ്ഞാലും വേറെന്തു വഴിവിട്ട സ്വഭാവങ്ങൾ അറിഞ്ഞാലും ഏതു വിധേനയും തന്നെ ഇയാൾ വിവാഹം കഴിക്കണം എന്ന ഒരു ഇൻസെക്യൂരിറ്റിയിലേക്കു പെൺകുട്ടികൾ എടുത്തു ചാടി വരുന്നതും നിത്യ കാഴ്ചയാണ്.
ഇതൊക്കെ വായിച്ചിട്ടു എല്ലാവരും ഇങ്ങനെ ആണെന്ന് വിധി എഴുതി തേച്ചിട്ടു പോകാനൊന്നും ഉള്ള ഉപദേശം ആയി ഇതിനെ ആരും വ്യാഖ്യാനിച്ചേക്കല്ലേ…… എന്നാലും ഒരു ചിന്ത, അതും നല്ലതാ…. ജീവിതം ഒന്നല്ലേയുള്ളൂ. അതു നമുക്കും മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ. അതിനു വേണ്ടത് ‘ഇമ്പൾസിവിറ്റി’ അല്ല. ‘ഡിലയിങ് ഓഫ് ഗ്രാറ്റിഫിക്കേഷൻ’ അതാണ് ആവശ്യം. പിന്നെ ‘തെറ്റുകളിൽ നിന്നും പാഠം പഠിച്ചു തിരുത്തി ജീവിക്കുവാനുള്ള കഴിവ് ‘
ഇവ മൂന്നും വീണ്ടും ഫ്രോണ്ടൽ ബ്രെയിനിന്റെ ധർമ്മങ്ങൾ തന്നെ!!!!!!
വികാരത്തെ വിവേകം കൊണ്ട് നിർവചിക്കുവാൻ പഠിക്കൂ. ആത്മഹത്യകൾ ഒഴിവാക്കി ജീവിക്കൂ……