എന്റെ വീട്ടിൽ ആരും സ്വർണ്ണം ഉപയോഗിക്കാറില്ല: സാമ്പത്തിക തട്ടിപ്പ് നടത്തിയവരെ മുസ്ലീം ലീഗ് പുറത്താക്കിയിട്ടില്ല; താൻ തെറ്റ് ചെയ്‌തെന്ന് ഹൈദരാലി തങ്ങൾ നെഞ്ചിൽ കൈവച്ച് പറഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം; കൈരളി ചാനലിനു മുന്നിൽ എല്ലാം തുറന്നു പറഞ്ഞ് മന്ത്രി കെ.ടി ജലീലിന്റെ കുമ്പസാരം

എന്റെ വീട്ടിൽ ആരും സ്വർണ്ണം ഉപയോഗിക്കാറില്ല: സാമ്പത്തിക തട്ടിപ്പ് നടത്തിയവരെ മുസ്ലീം ലീഗ് പുറത്താക്കിയിട്ടില്ല; താൻ തെറ്റ് ചെയ്‌തെന്ന് ഹൈദരാലി തങ്ങൾ നെഞ്ചിൽ കൈവച്ച് പറഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം; കൈരളി ചാനലിനു മുന്നിൽ എല്ലാം തുറന്നു പറഞ്ഞ് മന്ത്രി കെ.ടി ജലീലിന്റെ കുമ്പസാരം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ മന്ത്രിയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുമ്പോൾ, ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട് കൈരളിയ്ക്ക് അഭിമുഖം നൽകി ജെ.ബി ജംഗ്ഷനിൽ കുട്ടപ്പനായി മന്ത്രി കെ.ടി ജലീൽ. സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം ആദ്യമായാണ് മന്ത്രി കെ.ടി ജലീൽ ഒരു മാധ്യമത്തിനു മുന്നിൽ മനസ് തുറക്കുന്നത്.

തന്റെ വീട്ടിൽ ആരും സ്വർണം ഉപയോഗിക്കാറില്ലെന്നു പറഞ്ഞ മന്ത്രി, മകൾക്ക് മഹറായി നൽകിയത് വിശുദ്ധ ഖുറാനാണ്. ആകെ 6000 രൂപയുടെ ആഭരണങ്ങളാണ് അവൾക്ക് വാങ്ങി നൽകിയത്. താനും ഭാര്യയും സ്വർണം ഉപയോഗിക്കാറില്ല. തന്റെ കൈകൾ 101% ശുദ്ധമാണെന്നും ജലീൽ പറഞ്ഞു. കൈരളി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജലീലിന്റെ അഭിപ്രായപ്രകടനം.

മുസ്‌ലിംലീഗ് ഇന്നേവരെ സാമ്പത്തികത്തട്ടിപ്പ് നടത്തിയവരെ പുറത്താക്കിയിട്ടില്ല. മുസ്‌ലിംലീഗിൽ എല്ലാം അനുവദനീയമായ കാലമാണ്. മുസ്‌ലിം ലീഗിന്റെ നേതൃനിരയിലിരിക്കുന്ന എത്രയോ പേർ ഗൾഫ് മലയാളികളെ പറ്റിച്ചിട്ടുണ്ട്. ലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ പറയണം. താൻ തെറ്റുചെയ്തന്നെ് നെഞ്ചിൽ കൈവെച്ച് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

താൻ തലയിൽ മുണ്ടിട്ട് എങ്ങോട്ട് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയായി ജലീൽ പറഞ്ഞു. ഒരു സ്വകാര്യ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. വളരെ കോൺഫിഡൻഷ്യലായിട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. തന്റെ സ്വകാര്യ ഇമെയിൽ ഐഡിയിലേക്കാണ് എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചത്. അതുകൊണ്ടാണ് രഹസ്യാത്മക സ്വഭാവം പുലർത്താമെന്ന് ഞാൻ കരുതി. ഇഡിയും തന്നോട് ആ രീതിയിലാണ് പറഞ്ഞത്. അതുകൊണ്ട് രഹസ്യ സ്വഭാവം പുലർത്തിയെന്നും ജലീൽ പറഞ്ഞു.

തന്നെ ചോദ്യം ചെയ്ത കാര്യം അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. ആടിനെ പട്ടിയാക്കുകയും പിന്നീട് പേപ്പട്ടിയാക്കുകയും ചെയ്ത് തല്ലിക്കൊല്ലുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് ജലീൽ പറഞ്ഞു. താൻ ഇക്കാര്യത്തിൽ ഒരു വിശദീകരണം മാധ്യമങ്ങൾക്ക് നൽകിയതാണ്. എന്നാൽ മാധ്യമങ്ങൾ അവർക്ക് തോന്നിയ രീതിയിലാണ് വാർത്ത നൽകുന്നത്. അവർ പറയുന്ന രീതിയിൽ എനിക്ക് കുരുക്ക് മുറുകില്ല.

കാരണം എനിക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്ന് എനിക്കറിയാം. എനിക്ക് ഒരു മുടിനാരിഴയുടെ പങ്കെങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കും. നൂറ്റൊന്ന് ശതമാനം എനിക്ക് പങ്കില്ലെന്ന് ഉറപ്പിച്ച് പറയാം.