പാലായിൽ വീട്ടമ്മയുടെ പഴ്‌സ് മോഷ്ടിച്ച പ്രതി കുടുങ്ങി; തെളിഞ്ഞത് ഒരു വർഷം മുൻപ് വരെയുള്ള മോഷണക്കേസ്; പാലാ പൂവരണിയിലെ ഭാര്യവീട്ടിൽ താമസിക്കുന്ന പ്രതിയെ കുടുക്കിയത് സി.സി.ടി.വി ക്യാമറ

Spread the love

തേർഡ് ഐ ക്രൈം

video
play-sharp-fill

പാലാ: പാലായിൽ വീട്ടമ്മയുടെ പഴ്‌സ് മോഷ്ടിച്ച കേസിലെ പ്രതി കുടുങ്ങിയതോടെ തെളിഞ്ഞത് ഒരു വർഷം മുൻപു വരെ നടന്ന മൂന്നു മോഷണങ്ങൾ. പാലാ ജോർജ് ജോസ് സൂപ്പർ മാർക്കറ്റിൽ വീട്ടമ്മയുടെ പഴ്‌സ് മോഷ്ടിച്ച കേസിലെ പ്രതി കുടുങ്ങിയതോടെയാണ് രണ്ട് മോഷണക്കേസുകൾ തെളിഞ്ഞത്.

പാലാ പൂവരണി ഇടമറ്റത്തെ ഇലഞ്ഞിമറ്റത്തെ ഭാര്യയുടെ വീട്ടിൽ താമസിക്കുന്ന പൊൻകുന്നം ചിറക്കടവ് മട്ടയ്ക്കൽ വീട്ടിൽ ബിജു തോമസിനെ (48) യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസ് അറസ്റ്റ് ചെയ്തത്. സ്വന്തം പേരിൽ രണ്ടേക്കറിലേറെ സ്ഥലവും ആദായവുമുണ്ട്്. എന്നിട്ടും, പണം കണ്ടെത്താൻ പ്രതി മോഷണത്തിലേയ്ക്കു തിരിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ജോർജ് ജോസ് എന്ന സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയ വീട്ടമ്മ പഴ്‌സ് ട്രോളിയിൽ വച്ച ശേഷം സാധനങ്ങൾ എടുക്കാൻ തിരിഞ്ഞു. ഇതിനിടെ, ട്രോളിയിൽ വച്ചിരുന്ന പഴ്‌സുമായി മോഷ്ടാവ് രക്ഷപെടുകയായിരുന്നു. ഏഴായിരം രൂപയും, എടിഎം കാർഡുകളും ആധാർ കാർഡും പഴ്‌സിനുള്ളിലുണ്ടായിരുന്നു. തുടർന്നു, വീട്ടമ്മ പാലാ പൊലീസിൽ എത്തി പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ നിന്നും സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാൽ പ്രതിയെപ്പറ്റി കൃത്യമായ സൂചന പൊലീസിനു ലഭിച്ചില്ല. തുടർന്നു, നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ, പ്രതി സഞ്ചരിച്ചതെന്നു സംശയിക്കുന്ന ബൈക്കിന്റെ നമ്പർ കണ്ടെത്തി. തുടർന്നു, പൊലീസ് സ്പളൻഡർ ബൈക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ഇതിനിടെ പ്രതിയെപ്പറ്റി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചു. ഡിവൈ.എസ്.പി ബൈജുകുമാറിന്റെ നിർദേശാനുസരണം പൊലീസ് പ്രത്യേക സംഘം കേസ് അന്വേഷിച്ചു. തുടർന്നു, ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സിദ്ദിഖ് അബ്ദുൾ ഖാദർ, കെ.എച്ച് ഹാഷിം, തോമസ് സേവ്യർ, ഷാജി കുര്യാക്കോസ്, എ.എസ്.ഐ സതീഷ്, സീനിയർ സിവിൽ പൊലീകർമാരായ ഷെറിൻ സ്റ്റീഫൻ, അരുൺ ചന്ദ് എന്നിവർ ചേർന്നു പ്രതിയെ പിടികൂടി.

സ്‌റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തതോടെയാണ് കഴിഞ്ഞ വർഷവും, ഈ ജനുവരിയിലും നടന്ന രണ്ടു മോഷണങ്ങൾക്കു പിന്നിലും ഇയാൾ തന്നെയാണ് എന്നു വ്യക്തമായത്.

2019 ൽ കാർമ്മൽ ഹോസ്പിറ്റലിനു സമീപമായിരുന്നു ആദ്യ സംഭവം. മൂന്നു മക്കളുള്ള അമ്മ, കുട്ടികളെയുമായി ആശുപത്രിയിൽ എത്തി. ഇതിനിടെ ഇവരുടെ അമ്മയുടെ പക്കലിരുന്ന ഒന്നര വയസുകാരനെ തട്ടിക്കൊണ്ടു പോയ ശേഷം, ഈ കുട്ടിയുടെ കഴുത്തിൽക്കിടന്ന ഒന്നര പവൻ മാലയും, വളയും പ്രതി ഊരിയെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ പാലായിലെ റിലയൻസിൽ സാധനം വാങ്ങാനെത്തിയ ഡോക്ടറുടെ ബാഗിൽ നിന്നും ആറരപവന്റെ സ്വർണ്ണാഭരണമാണ് പ്രതി കവർന്നത്. രണ്ടിടത്തു നിന്നും ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ പ്രതിയുമായി സാമ്യം തോന്നിയ പൊലീസ് സംഘം ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.