തേച്ചു മായ്ച്ചു കളയുമായിരുന്ന ഉരുട്ടികൊലക്കേസ് വെളിച്ചത്ത് കൊണ്ടുവന്നത് ആ.ർ.ഡി.ഒ കെ.വി മോഹൻകുമാർ
ശ്രീകുമാർ
തിരുവനന്തപുരം: മറ്റെല്ലാ കേസുകളിലേയും പോലെ തേച്ചു മായ്ച്ചു കളയുമായിരുന്ന ഉരുട്ടിക്കൊല കേസിന്റെ ഗതി മാറ്റിയത് അന്നത്തെ തിരുവനന്തപുരം ആർ.ഡി.ഒ യും ഇപ്പഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻ കുമാറിന്റെ കണ്ടെത്തലുകളാണ്. ഉദയകുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതും മോഹൻ കുമാറായിരുന്നു.നെഞ്ച് വേദനയെ തുടർന്ന് സ്റ്റേഷനിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മോഷണക്കേസ് പ്രതി അവിടെ വച്ച് മരിച്ചെന്നാണ് ആർ.ഡി.ഒയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകിയത്. പിന്നാലെ മൃതദേഹ പരിശോധനയ്ക്കായി മോഹൻ കുമാർ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി. മുണ്ടുടുത്ത് കിടക്കുന്ന നിലയിലായിരുന്നു ഉദയകുമാറിന്റെ മൃതദേഹം. ഒറ്റനോട്ടത്തിൽ ശരീരത്തിൽ പ്രകടമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും യുവാവിന്റെ മുണ്ട് അഴിച്ചുമാറ്റി പരിശോധിച്ചു. തുടയിൽ ചുവന്ന നിറത്തിൽ വലിയ പാടുകൾ കണ്ടു. ഉടൻ തന്നെ പൊലീസുകാരന്റെ മറുപടിയെത്തി, ”അത് ത്വക്ക് രോഗമാണ്- സോറിയാസിസ്”.
വിശ്വാസം വരാതെ മോഹൻകുമാർ, കരുവാളിച്ചു കിടക്കുന്ന ആ പാടുകളിൽ തൊട്ടുനോക്കി. ഇത് സോറിയാസിസ് അല്ലെന്ന് അദ്ദേഹത്തിന് മനസിലായി. തുടർന്ന് ഉദയകുമാറിന്റെ മൃതദേഹം സൂക്ഷ്മമായി അദ്ദേഹം പരിശോധിച്ചു. ഉപ്പൂറ്റിയിൽ ലാത്തി കൊണ്ട് അടിയേറ്റ പാടുകൾ. ശരീരത്തിൽ പലയിടത്തും ഉരഞ്ഞപാടുകളും ചെറിയ പരിക്കുകളും കണ്ടെത്തി. ഇതോടെ കസ്റ്റഡിമരണം സംശയിക്കുന്നുവെന്നും വിദഗ്ദ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ആർ.ഡി.ഒ റിപ്പോർട്ടെഴുതി. ഇതോടെയാണ് തേഞ്ഞു മായ്ഞ്ഞ് പോകുമായിരുന്ന കേസ് കൊലപാതകമാണെന്ന് പുറംലോകം അറിയുന്നത്. തുടർന്ന് കേസ് ഒതുക്കാനുള്ള ശ്രമങ്ങളായി. മോഹൻകുമാറിന്റെ ശക്തമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘമാണ് മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്തത്. പോസ്റ്റ്മാർട്ടം പൂർണമായും വീഡിയോയിൽ പകർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ്മാർട്ടം നടക്കുമ്പോൾ ഉദയകുമാറിന്റെ മൃതദേഹത്തിൽനിന്നും കറുത്ത ചോര തെറിക്കുന്നുണ്ടായിരുന്നു. ഇത് ഇരുമ്പ് പൈപ്പ് പോലുള്ള സാധനംകൊണ്ട് ഉരുട്ടി രക്തധമനികൾ ചതയുകയും പൊടിയുകയും ചെയ്തതിനാലാണെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കേരളത്തിൽ കേട്ടു കേൾവി ഇല്ലാത്ത ഉരുട്ടികൊല പിറവിയെടുക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം ഇരുപത്തിരണ്ട് ഗുരുതര പരുക്കുകൾ ചൂണ്ടി കാണിച്ചിരുന്നു.
ഇതിനിടയിൽ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്കു നേരെ പല തവണ വധ ശ്രമം ഉണ്ടായി. ദൃക്‌സാക്ഷിയടക്കം പലരും കൂറ് മാറുകയും മൊഴി മാറ്റുകയും ചെയ്തിരുന്നു. ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കെ.ജിതകുമാർ, എസ്.വി ശ്രീകുമാർ എന്നിവർക്ക് വധശിക്ഷ വിധിച്ചതിന് പുറമെ മുൻ എസ്.പിമാരായ ഇ.കെ സാബു, ടി.കെ ഹരിദാസ്, ഇപ്പോൾ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ ടി.അജിത് കുമാർ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജരേഖ നിർമ്മിച്ചതിനും 6 വർഷത്തെ തടവുമാണ് ശിക്ഷ. ആദ്യം ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പ്രഭാവതിയമ്മയുടെ പരാതിയെ തുടർന്ന് സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.