കൊറോണയിൽ വിറച്ച് രാജ്യം : രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് കോവിഡ് ബാധിതർ ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,552 പേർക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് നാലാം മാസത്തിലേക്ക് അടുക്കുമ്പോൾ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 5,08,953 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം ഇത്ര കണ്ട് വർദ്ധിക്കുന്നത്.കൂടാതെ ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നതും ആദ്യമായിട്ടാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ബാധിച്ച് 384 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 15,685 ആയി. 1,97,387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
മഹരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയി. 7106 പേർ മഹാരാഷ്ട്രയിൽ മാത്രം മരിക്കുകയുമുണ്ടായി. ഡൽഹിയിൽ 77,240 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ 74,622 പേർക്ക് രോഗവും 957 മരണവും റിപ്പോർട്ട് ചെയ്തു. 30095 പേർക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തിൽ 1771 പേരാണ് മരിച്ചത്.
അതേസമയം രാജ്യത്ത് ഏറ്റവും ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിൽ ഇന്നലെ 150 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം 3876 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 22 പേരാണ് കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചത്.