എന്നെയൊന്ന് കൊന്ന് തരാമോ! മുഖ്യമന്ത്രിയോട് കൃഷ്ണകുമാരൻ
സ്വന്തം ലേഖകൻ
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കാരും തന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയെന്ന് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിൽ അറസ്റ്റിലായ കൃഷ്ണകുമാരൻ നായർ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കൃഷ്ണകുമാരൻ നായർ ഇക്കാര്യം ചോദിക്കുന്നത്. ‘എന്നെയൊന്ന് കൊന്നുതരുമോ’ എന്ന് പലതവണ ആവർത്തിക്കുന്നുണ്ട് വീഡിയോയിൽ. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരിൽ ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര് തെറിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ആവർത്തിക്കുന്നത്. ‘താങ്കളെന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയി. അബുദാബിയിൽ നിന്നും എന്നെക്കൊണ്ട് മാപ്പുപറയിച്ചു. എന്നെ ആർ.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര് കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റ് കാര് കൊന്നാലും കുഴപ്പമില്ല, എസ്.ഡി.പി.ഐക്കാര് കൊന്നാലും കുഴപ്പമില്ല. എന്നും കൃഷ്ണകുമാരൻ നായർ പറയുന്നുണ്ട്. ഫേസ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിലാണ് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂർ കൈമത്ത് പുത്തൻ പുരയിൽ കൃഷ്ണകുമാരൻ നായരെ അറസ്റ്റു ചെയ്തത്. അബുദാബിയിൽ ജോലി ചെയ്യവേയായിരുന്നു ഇയാൾ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലെത്തി മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി. അബുദാബിയിലെ ജോലി നഷ്ടപ്പെട്ട ഇയാൾ നാട്ടിലേക്ക് തിരിക്കവേ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായിരുന്നു. തീഹാർ ജയിലിൽ അടച്ച അദ്ദേഹത്തെ പിന്നീട് ഡൽഹി പോലീസ് കേരള പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ജൂൺ അഞ്ചിനാണ് ഫേസ്ബുക്ക് വീഡിയോ വഴി കൃഷ്ണകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.