ബോധവൽക്കരണം പാഴാകുന്നു; കോവിഡ് പോസിറ്റീവ് കുടുംബത്തിന് താങ്ങായി പഞ്ചായത്തംഗം
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: “നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല, അവരോട് വിവേചനം പാടില്ല, അവർക്ക് വേണ്ടത് പരിചരണമാണ്” കോവിഡ് കാലത്ത് ആരെ ഫോണ് വിളിച്ചാലും കേൾക്കുന്നത് ഈ സന്ദേശമാണ്. പക്ഷെ സർക്കാരിന്റെ പ്രചാരണങ്ങൾ പാഴാകുന്ന കാഴ്ചയാണ് മിക്കയിടത്തും കാണുന്നത്.
ഇലയ്ക്കാട് ചിറകണ്ടം ഭാഗത്തെ കോവിഡ് പോസിറ്റീവ് രോഗിക്കും കുടുംബത്തിനും സമാന അനുഭവമാണ് ഇപ്പോൾ. കുടുംബാംഗം കോവിഡ് പോസിറ്റീവ് ആയതോടെ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാൻ സാധിക്കുന്നില്ല. അയൽക്കാരും നാട്ടുകാരും പാൽവിതരണം ഉൾപ്പെടെ നിറുത്തിയതോടെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള ഈ വീട് തീർത്തും ഒറ്റപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് ജാഗ്രതാ സമിതി കൂടി ബോധവൽക്കരണത്തിന് ശ്രമിച്ചെങ്കിലും കോവിഡ് ഭീതിമൂലം ആരും ഇവരെ സഹായിക്കാൻ തയ്യാറായില്ല. തുടർന്ന് കടപ്ലാമറ്റം പഞ്ചായത്ത് ഒന്നാം വാർഡ് അംഗം കെ ആർ ശശിധരൻ നായർ നേരിട്ടാണ് ഇപ്പോൾ വീട്ടുസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നത്.
ക്ഷീരകർഷകനായ അദ്ദേഹം ദിവസവും രാവിലെ രണ്ടുകിലോമീറ്റർ അകലെയുള്ള രോഗിയുടെ വീട്ടിൽ പാൽ എത്തിച്ചു നൽകും. ഒന്നിടവിട്ട ദിവസങ്ങളിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്രവ പരിശോധന നടത്തിയിരുന്നു.
പാലായിൽ നിന്ന് ആംബുലൻസ് എത്തിയാണ് ഇവരെ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും. ഇതോടെ സമൂഹമാധ്യമങ്ങളിലടക്കം ഭീതിജനകമായ വ്യാജവാർത്തകൾ കൂടി വ്യാപകമായി പ്രചരിച്ചതോടെ ഈ വീട് പൂർണമായും ഒറ്റപ്പെട്ടു. ഇവരെ നിരീക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റണമെന്നും ആവശ്യങ്ങൾ ഉയർന്നു.
ഇപ്പോൾ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയമായ രീതിയാണെന്നും ശരിയായ ചികിത്സയിലൂടെ രോഗമുക്തി നേടാമെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. സർക്കാർ ഹോം ക്വാറന്റീൻ നിർദ്ദേശിക്കുന്നവരുടെ വീടുകളിൽ തടയുന്നതും ജനങ്ങൾ സംഘടിച്ച് രോഗികൾക്കെതിരെ പ്രതിഷേധിക്കുന്നതുമായ വാർത്തകളും പുറത്തുവരുന്നുണ്ട്.
ശരിയായ മുൻകരുതൽ എടുത്താൽ കോവിഡിനെ പ്രതിരോധിക്കാമെന്നും മറ്റ് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ ശശിധരൻ നായരും പറഞ്ഞു. രോഗികളെ ഒറ്റപ്പെടുത്തുന്ന സമീപനം ശരിയല്ല എന്ന സന്ദേശം നൽകാനാണ് താൻ തന്നെ നേരിട്ട് ഈ ഉത്തരവാദിത്വം ഏറ്റെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്തിന്റെ മുൻ ഉപാധ്യക്ഷനുമാണ് കെ ആർ ശശിധരൻ നായർ.