താഴത്തങ്ങാടി പാറപ്പാടത്തെ കൊടുംക്രൂരമായ കൊലപാതകം: പിന്നിൽ സാമ്പത്തിക ഇടപാട് തന്നെ; പണമിടപാട് പറഞ്ഞു തീർക്കാനെത്തിയ പ്രതി പെട്ടന്നുണ്ടായ പ്രകോപനത്തിൽ കൊലനടത്തി; തിരച്ചിൽ നടത്തിയത് വീടിനുള്ളിൽ നിന്നും രേഖകൾ കൈവശപ്പെടുത്താൻ..!

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് കൊടും ക്രൂരമായ രീതിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ സൂചന പൊലീസിന്. കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ കസ്റ്റഡിയിൽ എടുത്ത പൊലീസ്, ഇയാളെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ഭാരമേറിയ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. ആക്രമണത്തിൽ ഷീബ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ടായിരത്തോളം ഫോൺ കോളുകളും പൊലീസ് പരിശോധനാ വിധേയമാക്കിയിരുന്നു. ഇതിൽ നിന്നു ആക്രമണത്തിനു ഇരയായ ദമ്പതികളുമായി നേരിട്ട് സാമ്പത്തിക ഇടപാടുകൾ ഉള്ളവരുടെ പട്ടിക അടക്കം പൊലീസ് ശേഖരിച്ചിരുന്നു. ഇവർ അടക്കമുള്ള എട്ടു പേരെയാണ് ജില്ലാ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.

സംഭവ ദിവസം വീട്ടിൽ നിന്നും മോഷ്ടിച്ച കാറുമായി രക്ഷപെട്ട ആളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സംഭവം നടന്ന വീടിനു സമീപത്തു നിന്നും പൊലീസിനു ലഭിച്ചിരുന്നു. ഈ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പിൻതുടർന്ന പൊലീസ് കാർ വൈക്കം വച്ചൂർ ഭാഗത്ത് എത്തിയതായും കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് ആലപ്പുഴ റോഡിലേയ്ക്കു കാർ തിരിഞ്ഞതായി സൂചന ലഭിച്ചത്.

തുടർന്നു ഈ പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിൽ നിന്നാണ് ആലപ്പുഴ ഭാഗത്തേയ്ക്കു കാർ തിരിഞ്ഞതായി പൊലീസ് കണ്ടെത്തിയത്. തുടർന്നു, പൊലീസ് സംഘം ഈ കാറിനു പിന്നാലെ എത്തിയപ്പോൾ ഇവിടെ നിന്നും പ്രതി കാറിൽ ഇന്ധനം നിറയ്ക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവിടെ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള കുമരകം ചെങ്ങളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്നു ഇയാളെ ജില്ലയിൽ എത്തിച്ച് രഹസ്യകേന്ദ്രത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും ഡിവൈഎസ്പിമാരായ ആർ.ശ്രീകുമാറിന്റെയും, ഗിരീഷ് പി.സാരഥിയുടെയും നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. എന്നാൽ, ഇയാൾ കൃത്യമായ സൂചനകൾ ഒന്നും നൽകിയിട്ടില്ല. തനിക്ക് ബന്ധമില്ലെന്ന നിലപാട് തന്നെയാണ് പ്രതി ആവർത്തിക്കുന്നത്.

സാമ്പത്തിക തർക്കത്തെ തുടർന്നു പെട്ടന്നുണ്ടായ പ്രകോപനത്തിനു പ്രതി ഇരുവരെയും അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിനു ശേഷം പ്രതി വീടിനുള്ളിൽ തിരച്ചിൽ നടത്തിയത് തന്നെ സംബന്ധിക്കുന്ന എന്തെങ്കിലും രേഖകളുണ്ടോ എന്നാണെന്നും പൊലീസ് സംശയിക്കുന്നു. വ്യാഴാഴ്ച ഉച്ചയോടെ കൃത്യമായ തെളുവുകൾ ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ.