അതീവ സുരക്ഷയിൽ കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ ആരംഭിച്ചു ; കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ജില്ലയിൽ പരീക്ഷ നടക്കുന്നത് 288 കേന്ദ്രങ്ങളിൽ

അതീവ സുരക്ഷയിൽ കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ ആരംഭിച്ചു ; കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ജില്ലയിൽ പരീക്ഷ നടക്കുന്നത് 288 കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചാണ് കോട്ടയം ജില്ലയിലെ 288 കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിച്ചത്.

ആദ്യ ദിനമായ ഇന്ന് എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി വിദ്യാർഥികൾക്കാണ് പരീക്ഷകൾ നടക്കുന്നത്. കോട്ടയം ജില്ലയിൽ എസ്.എൽ.സി.സിക്ക് 257 കേന്ദ്രങ്ങളിൽ 19902 വിദ്യാർഥികളും വി.എച്ച്.എസ്.സിക്ക് 31 കേന്ദ്രങ്ങളിൽ 3531 വിദ്യാർഥികളുമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ പരീക്ഷയ്ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.കെ. രാജും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.ജെ. പ്രസാദും അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഹയർ സെക്കണ്ടറി വിഭാഗത്തിൽ 131 കേന്ദ്രങ്ങളിൽ നാളെ മുതലാണ് പരീക്ഷകൾ നടക്കുന്നത്.

വൈറസ് വ്യാപനത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരീക്ഷാ ഹാളുകളും പരിസരവും അണുവിമുക്തമാക്കിയിരുന്നു. പരീക്ഷാ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷാ ഹാളുകളിലെ ഫർണീച്ചറുകൾ അണുവിമുക്തമാക്കിയിരുന്നു.

എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകൾക്ക് ഒരു ഹാളിൽ ഇരുപത് വിദ്യാർഥികൾ എന്ന കണക്കിലാണ് ഇരുപ്പിട ക്രമീകരണവും പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധത്തിനായി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ പ്രർശിപ്പിച്ചിട്ടുണ്ട്.

മറ്റു ജില്ലകളിൽ നിന്നും ഉള്ള 79 കുട്ടികൾക്ക് സ്വന്തം ജില്ലയിൽ പരീക്ഷ എഴുതുന്നതിന് ക്രമീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുക.

കോവിഡ് ഹോട്‌സ്‌പോട്ടുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരീക്ഷയ്ക്കായി യാത്ര ചെയ്യുന്നതിന് ഇളവുകളും അനുവദിക്കും.

സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് വിദ്യാർഥികളും അധ്യാപകരും കൈകൾ അണുവിമുക്തമാക്കണം. സാനിറ്റൈസർ വാങ്ങുന്നതിന് ഓരോ സ്‌കൂളിനും സമഗ്രശിക്ഷ കേരള ഫണ്ടിൽനിന്നും ആയിരം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.

ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ പനി പരിശോധിച്ചശേഷമായിരിക്കും പരീക്ഷയ്ക്ക് പ്രവേശനം അനുവദിച്ചത്. ഇതിനായി എല്ലാ സ്‌കൂളുകളിലും അതത് ഡി.ഇ.ഒ ഓഫീസുകളുടെ നേതൃത്വത്തിൽ തെർമോ മീറ്ററുകൾ എത്തിച്ചു നൽകിയിട്ടുണ്ട്.

പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർഥികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. പരീക്ഷാ ചുമതലയുള്ള അധ്യാപകർ മാസ്‌കും കയ്യുറയും ധരിക്കണം. വിദ്യാർഥികൾക്കുള്ള മാസ്‌കുകൾ വീടുകളിലും അധ്യാപകർക്കുള്ളവ സ്‌കൂളുകളിലും എത്തിച്ചു നൽകിയിട്ടുണ്ട്.

വിദ്യാർഥികളെ സ്‌കൂളിലേക്കും തിരികെയും എത്തിക്കുന്നതിനായി 27 റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നടത്തും. സ്വന്തമായി വാഹനമില്ലാത്ത സ്‌കൂളുകൾ സമീപത്തുള്ള എൽ.പി, യു.പി സ്‌കൂളുകളുടെ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷിത അകലം പാലിച്ചായിരിക്കണം യാത്ര നടത്തണമെന്നും കർശന നിർദ്ദേശമുണ്ട്.

കുട്ടികൾ തമ്മിൽ പഠനോപകരണങ്ങൾ കൈമാറാൻ പാടില്ല. പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടം കൂടി നിന്ന് സംസാരിക്കുവാനോ സൗഹൃദ പ്രകടനങ്ങൾ നടത്തുവാനോ അനുവാദമില്ല. പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിലേക്ക് മടങ്ങണം. പനിയോ ചുമയോ ജലദോഷമോ ഉള്ള രക്ഷിതാക്കൾ കുട്ടികളോടൊപ്പം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.