
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: മറ്റൊരു സിഐയുടെ പേരിൽ വാറ്റ് ചാരായ മാഫിയ സംഘത്തലവനിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ തലസ്ഥാനത്തെ പ്രമുഖ സിഐ കുടുക്കിലേയ്ക്ക്. സംഭവം പുറത്തറിഞ്ഞ് വിവാദമായി മാറിയതോടെ കൈക്കൂലി തിരികെ കൊടുത്ത് രക്ഷപെടാനുള്ള ശ്രമം ഉണ്ടായെങ്കിലും സി.ഐ കുടുങ്ങുമെന്ന് ഉറപ്പായി.
തിരുവനന്തപുരം, അരുവിക്കര സ്റ്റേഷനിലെ സി.ഐയുടെ പേരിൽ, അയൽ സ്റ്റേഷനിലെ സി.ഐ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് എ.സി.പി: ശ്യാംലാൽ റിപ്പോർട്ട് സമർപ്പിച്ചതായി സൂചനയും പുറത്തു വന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുവിക്കര സ്റ്റേഷൻ പരിധിയിൽ വ്യാജവാറ്റും വിൽപ്പനയും നടക്കുന്നതറിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണു സി.ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയത്.
അപ്പോഴേക്കു സംഘം സ്ഥലംവിട്ടെങ്കിലും നേതൃത്വം നൽകിയ തിരുവനന്തപുരം വഴയില സ്വദേശിയെ തിരിച്ചറിഞ്ഞു.
ഇയാളോടു സ്റ്റേഷനിൽ ഹാജരാകാൻ പറയണമെന്നു സമീപത്തെ കടയിലുണ്ടായിരുന്നവരോടു നിർദേശിച്ചശേഷം പോലീസ് മടങ്ങി. അരുവിക്കര സി.ഐ. സ്റ്റേഷനിലെത്തിയയുടൻ അയൽ സ്റ്റേഷനിലെ സി.ഐയുടെ വിളിയെത്തി.
വഴയില സ്വദേശി തന്റെ സുഹൃത്താണെന്നും കേസിൽ പ്രതിയാക്കരുതെന്നും അഭ്യർഥിച്ചു. ഇതേത്തുടർന്ന്, അരുവിക്കര സ്റ്റേഷനിൽ ഹാജരായ പ്രതിയെ കേസെടുക്കാതെ വിട്ടയച്ചു. തൊട്ടുപിന്നാലെ ഇയാളെ ശിപാർശക്കാരനായ സി.ഐ. വിളിച്ചുവരുത്തി. കേസ് ഒതുക്കിയതിന് അരുവിക്കര സിഐയ്ക്കു കൊടുക്കാൻ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. താൻ ഇടപെട്ട്, തുക രണ്ടുലക്ഷമാക്കി കുറച്ചെന്നും അറിയിച്ചു.
കേസിൽനിന്നു തലയൂരിയ ആശ്വാസത്തിൽ, വഴയില സ്വദേശി സി.ഐയുടെ നെട്ടയത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈമാറിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇക്കാര്യം അറിഞ്ഞ അരുവിക്കര സി.ഐയാണു മേലുദ്യോഗസ്ഥരെ വിവരമറിയിച്ചത്. എന്നാൽ, അരുവിക്കര സി.ഐ. ആവശ്യപ്പെട്ടപ്രകാരമാണു കൈക്കൂലി വാങ്ങിയതെന്ന നിലപാടിൽത്തന്നെയാണ് ആരോപണവിധേയനായ സി.ഐ.
സംഭവം എന്തായാലും പൊലീസിൽ ചർച്ചയായി മാറിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് വ്യാജവാറ്റുകാരും മദ്യവിൽപ്പനക്കാരും സജീവമാണ്. ഇവർ പൊലീസിന്റെ ഒത്താശയോടെയാണ് പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സിഐ കൈക്കൂലിക്കേസിൽ കുടുങ്ങുന്നത്.







