എത്ര കിട്ടിയാലും കോട്ടയം പഠിക്കില്ല..! ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിക്കും മുൻപ് വാഹനങ്ങൾ കൂട്ടത്തോടെ നഗരത്തിലേയ്ക്ക്; കഞ്ഞിക്കുഴിയിൽ രാവിലെ അരമണിക്കൂറിലേറെ ഗതാഗതക്കുരുക്ക്; കഞ്ഞിക്കുഴി മേൽപ്പാലത്തിലെ പൈപ്പ് അറ്റകുറ്റപണിയും കുരുക്കിന് കാരണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: എത്രകിട്ടിയാലും കോട്ടയം പഠിക്കില്ലെന്നു ഉറപ്പിച്ച് നഗരത്തിൽ വാഹനങ്ങളുടെ തിരക്ക്. മൂന്നാം തവണയും കൊറോണയിൽ നിന്നും മുക്തമായത് കോട്ടയം ആഘോഷമാക്കുകയാണ്. ആദ്യ രണ്ടു തവണ കഷ്ടിച്ചു രക്ഷപെട്ട കോട്ടയം നാലാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച ആദ്യ ദിവസം തന്നെ കൂട്ടത്തോടെ വഴിയിൽ ഇറങ്ങിയിരിക്കുകയാണ്. കഞ്ഞിക്കുഴി ജംഗ്ഷനിൽ വാഹനങ്ങളുടെ നിര നീണ്ടതോടെ അരമണിക്കൂറോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. കഞ്ഞിക്കുഴി മേൽപ്പാലത്തിൽ പൊട്ടിയ പാലത്തിന്റെ അറ്റകുറ്റപണികൾ കൂടി ആയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
സംസ്ഥാനത്ത് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ഒന്ന് കോട്ടയമായിരുന്നു. ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിൽ എത്തിയ ദമ്പതികൾക്കാണ് രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഈ ഘട്ടത്തിൽ ഇവരുടെ ബന്ധുവായ ചെങ്ങളം സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെയെല്ലാം ചികിത്സിച്ചു ഭേദമാക്കി കോട്ടയം ജില്ല ഗ്രീൻ സോണിലേയ്ക്കു നീങ്ങുന്നതിനിടെയാണ് കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളികൾക്ക് അടക്കം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർക്കും രോഗം പൂർണമായും ഒഴിവാക്കിയതിനു പിന്നാലെ കോട്ടയം ആശ്വാസം നേടി. ഇതിനിടെയാണ് വിദേശത്തു നിന്നും എത്തിയ അമ്മയ്ക്കും മകനും രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിലെ രോോഗ ബാധിതർ നിലവിൽ രണ്ടു പേർ മാത്രമാണ്. എന്നാൽ, ജില്ലയിലെ നിയന്ത്രണങ്ങളിൽ പൂർണമായും ഇളവു വരുത്തിയിട്ടുമില്ല. എന്നാൽ, പൊലീസ് പരിശോധന കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകൾ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് കൂട്ടത്തോടെ റോഡിലിറങ്ങിയിരിക്കുന്നത്. രാവിലെ കഞ്ഞിക്കുഴി ജംഗ്ഷനിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
കഞ്ഞിക്കുഴി മേൽപ്പാലത്തിലെ പൈപ്പ് ലൈൻ പൊട്ടിയിരുന്നു. ഇതിന്റെ അറ്റകുറ്റപണികൾ രാവിലെ നടക്കുകയാണ്. ഇതേ തുടർന്നാണ് മേൽപ്പാലത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മേൽപ്പാലത്തിലെ സർവീസ് റോഡിലൂടെയാണ് ഒരു വശത്തേയ്ക്കുള്ള വാഹനങ്ങൾ കടത്തി വിടുന്നത്. കഞ്ഞിക്കുഴി ഭാഗത്തേയ്ക്കുള്ള വാഹനങ്ങളാണ് ഈ വഴിയിലൂടെയാണ് കടത്തിവിട്ടു കൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗണിലെ ഇളവുകൾ സംബന്ധിച്ചു സംസ്ഥാന സർക്കാരോ, ജില്ലാ ഭരണകൂടമോ ഇതുവരെയും പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഈ പ്രഖ്യാപനങ്ങൾ വരാനിരിക്കെയാണ് ഇപ്പോൾ കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് വാഹനങ്ങൾ റോഡിലിറങ്ങിയിരിക്കുന്നത്.