കനത്ത കാറ്റും മഴയും: വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർന്നു; കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശം; പലയിടത്തും വൈദ്യുതി മുടങ്ങി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഉംപൂൺ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയിൽ ജില്ലയിൽ വൻ നാശം. വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. ക്ഷേത്രത്തിലെ പലഭാഗത്തും കാറ്റിലും മഴയിലും നാശമുണ്ടായിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച കാറ്റും മഴയുമാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർത്തത്. ആഞ്ഞടിച്ച കാറ്റിൽ മേൽക്കൂരയിലെ ഓടുകൾ പൂർണമായും പറന്നു പോയി. തുടർന്നു, മഴകൂടി എത്തിയതോടെ ക്ഷേത്രത്തിലെ ഉള്ളിൽ വെള്ളം കെട്ടിനിൽക്കുകയായിരുന്നു. കനത്ത മഴ തുടരുന്നതിനാൽ ക്ഷേത്രത്തിന് എന്തൊക്കെ കേടുപാടുകൾ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.

വൈക്കം മേഖലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും നൂറിലേറെ വീടുകളാണ് തകർന്നത്. വീടുകൾക്കു മുകളിൽ മരം വീണാണ് തകർച്ചയുണ്ടായിരിക്കുന്നത്. പ്രദേശത്ത് പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. പലയിടത്തും വീടുകൾക്കു ഭാഗീക നാശവുമുണ്ടായി.

ഇതിനിടെ രാവിലെ ആരംഭിച്ച മഴയിൽ ജില്ലയിലെ എല്ലാ മേഖലകളിലും മിക്ക സ്ഥലത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും കൃഷി നശിച്ചിട്ടുണ്ട്. വീടുകൾക്കു മുകളിലും, വൈദ്യുതി ലൈനുകളിലും മരം വീണും നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം വൈകിട്ട് മുടങ്ങിയ വൈദ്യുതി വിതരണം ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല.

ഞായറാഴ്ച വൈകിട്ട് തുടങ്ങിയ മഴ തിങ്കളാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. കൊറോണയ്ക്കു പിന്നാലെ മഴകൂടി എത്തിയതോടെ പല മേഖലകളിലും സ്തംഭനാവസ്ഥയാണ്. ഈ സാഹചര്യത്തിൽ മഴ കൂടി എത്തുന്നത് സ്ഥിതി ഗുരുതരമാക്കും.