കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കോട്ടയം നഗര മധ്യത്തിൽ ഒളിവിൽ കഴിയുന്നു നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ ക്രിമിനൽ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങും
ശ്രീകുമാർ
കോട്ടയം: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് കോട്ടയം നഗര മധ്യത്തിൽ നിരണം ഭദ്രാസനത്തിന്റെ കീഴിലുള്ള ആശ്രമത്തിൽ ഒളിവിൽ കഴിയുന്നു. നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ ക്രിമിനൽ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങുമെന്ന് തേർഡ് ഐ ന്യൂസിന് സൂചന ലഭിച്ചു. നാളെ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും ജാമ്യം ലഭിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് വൈദികൻ. ജാമ്യം തള്ളിയാൽ ഉടൻ തന്നെ കോട്ടയം കോടതിയിൽ കീഴടങ്ങാനാണ് തയ്യാറെടുക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് നാടെങ്ങും വല വിരിച്ച് അന്വേഷണം നടത്തുമ്പോഴാണ് കോട്ടയം നഗരമധ്യത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നത്. ഫാ. എബ്രഹാം വർഗീസ്, യുവതിയുടെ വിവാഹത്തിനുമുമ്പ് പതിനാറാം വയസ്സിൽ പീഡിപ്പിച്ചെന്നാണ് പരാതി. ഭദ്രാസന ബിഷപ്പിന്റെ നിയന്ത്രണത്തിലുള്ള ആശ്രമത്തിലാണ് പ്രതി ഒളിവിൽ കഴിയുന്നത്. ബിഷപ്പിന്റെ സെക്രട്ടറിയായി വർഷങ്ങളോളം പ്രവർത്തിച്ചതാണ് ഒളിവിൽ കഴിയുന്നതിന് സഹായകമായത്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സഭാ ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സഭയ്ക്കുള്ളത്.